ഇന്ത്യന്‍ ബ്രാന്‍ഡായ ലാവ അഗ്നി 4 ന്റെ കിടിലൻ ഫീച്ചറുകളും വിലയും കേട്ട് ഞെട്ടിയിരിക്കുകയാണ് ഫോൺ പ്രേമികൾ.യഥാർത്ഥത്തിൽ ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ല.ഇപ്പോൾ ലാവ അഗ്നി 4 വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതിനു മുന്നോടിയായി ഈ സ്‍മാർട്ട്‌ഫോണിന്‍റെ പ്രധാന സവിശേഷതകൾ, രൂപകൽപ്പന, വില എന്നിവ ഓൺലൈനിലാണ് ചോർന്നിരിക്കുന്നത്.
അഗ്നി 4 മീഡിയടെക് ഡൈമെൻസിറ്റി 8350 SoC ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുന്നത് എന്നാണ് സൂചനലാവ അഗ്നി 4 ഇന്ത്യയിൽ 25,000 രൂപ വിലയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി 91മൊബൈൽസിനെ ഉദ്ദരിച്ച് ഗാഡ്‍ജെറ്റ്സ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 7300എക്സ് ചിപ്പ്, ആക്ഷൻ ബട്ടൺ, പിന്നിലെ മിനി അമോലെഡ് ഡിസ്‌പ്ലേ എന്നിവയോടെ 2024 ഒക്ടോബറിലാണ് ലാവ പുത്തന്‍ അഗ്നി 3 സ്‍മാർട്ട്‌ഫോൺ അവതരിപ്പിച്ചത്. ചിപ്‌സെറ്റിന്‍റെയും ലാവ അഗ്നി 3-യുടെ മൂല്യത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ സീരിസിന്റെയും വിലനിർണ്ണയം. ഇത് ശരിയാണെങ്കിൽ, അഗ്നി 3-ന്‍റെ അടിസ്ഥാന വേരിയന്‍റിനേക്കാൾ വലിയ വില വർധനവ് അഗ്നി 4-ന് ലഭിക്കും. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്‍റിന് 20,999 രൂപ വിലയിലാണ് കഴിഞ്ഞ വർഷം അഗ്നി 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ചാർജർ ഉള്ള അതേ സ്റ്റോറേജ് വേരിയന്‍റിന് 22,999 രൂപ ആയിരുന്നു വില. അതേസമയം, 256 ജിബി ഇന്‍റേണൽ സ്റ്റോറേജും ചാർജറും ഉള്ള ലാവ അഗ്നി 3 24,999 രൂപ വിലയിൽ ലോഞ്ച് ചെയ്തു.
ലാവ അഗ്നി 4-ന്‍റെ ഡിസൈനും റിപ്പോർട്ട് വെളിപ്പെടുത്തി. ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ ആണ് ഫോണിന്‍റെ റെൻഡർ പങ്കുവെച്ചത്. ക്യാപ്‍സൂൾ ആകൃതിയിലുള്ള ക്യാമറ ഐലൻഡിനുള്ളിൽ തിരശ്ചീനമായി വിന്യസിച്ചിരിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഫോണിന് ലഭിക്കുമെന്ന് റെൻഡർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. രണ്ട് ലെൻസുകൾക്കിടയിൽ, ഒരു എൽഇഡി ഫ്ലാഷും ലഭിക്കുന്നു.