അയ്യപ്പ സംഗമം: ഇരട്ട ചങ്കന്റെ സേഫ് എക്സിറ്റ്’ നാടകം

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങൾ ഇപ്പോൾ ഒരു പുതിയ തീരുമാനത്തിൽ എത്തിയിരിക്കുകയാണ്. പരിപാടിയുടെ അധികച്ചെലവ് സംബന്ധിച്ച വിവാദങ്ങളിൽ നിന്ന് സർക്കാർ ‘സേഫ് എക്സിറ്റ്’ അടിച്ചിരിക്കുകയാണ്. എന്താണ് യഥാർത്ഥത്തിൽ ഈ വിവാദം? എങ്ങനെയാണ് ഊരാളുങ്കൽ സൊസൈറ്റിയും സർക്കാരും ഈ പ്രതിസന്ധി മറികടക്കുന്നത്? നമുക്ക് വിശദമായി പരിശോധിക്കാം.”യഥാർത്ഥത്തിൽ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനാണ് തീരുമാനിച്ചത്. ആദ്യം വളരെ ചെറിയ രീതിയിൽ പ്ലാൻ ചെയ്ത ഈ പരിപാടിയിലേക്ക് സർക്കാർ ഇടപെടുന്നു. അതോടെ സംഗതി ‘ആഗോള അയ്യപ്പ സംഗമം’ ആയി മാറി. മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരം പരിപാടി വിപുലമാക്കി.ഇവിടെയാണ് ആദ്യത്തെ വൈരുദ്ധ്യം.

ദേവസ്വം ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുന്ന സർക്കാർ, ആഡംബര പരിപാടികൾക്ക് മാത്രം ഒരു മടിയും കാണിക്കുന്നില്ല. ഹൈക്കോടതി കൃത്യമായി പറഞ്ഞിരുന്നു: ‘സ്പോൺസർഷിപ്പ് തുകയല്ലാതെ ബോർഡിന്റെ ഒരു പൈസ പോലും ഇതിനായി ചെലവാക്കരുത്.’ എന്നാൽ പരിപാടി കഴിഞ്ഞപ്പോൾ വന്ന ബില്ല് കേട്ട് എല്ലാവരും ഞെട്ടി. 7.11 കോടി രൂപയാണ് ഊരാളുങ്കൽ സൊസൈറ്റി ആവശ്യപ്പെട്ടത്!”
7.11 കോടിയുടെ ബില്ല് വന്നപ്പോൾ ദേവസ്വം കമ്മീഷണർ അത് പരിശോധിച്ചു. അദ്ദേഹം നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഈ പരിപാടിക്ക് ഇത്രയും തുകയുടെ ചെലവില്ല എന്നാണ്. ജി.എസ്.ടി ഉൾപ്പെടെ പരമാവധി 4.9 കോടി രൂപയേ അനുവദിക്കാൻ കഴിയൂ. അപ്പോൾ ബാക്കി വരുന്ന ആ 2.21 കോടി രൂപ ആര് കൊടുക്കും?
ഇവിടെയാണ് പിണറായി സർക്കാരിന്റെ ബുദ്ധിപരമായ നീക്കം. ഈ അധിക തുക ദേവസ്വം ബോർഡ് നൽകിയാൽ അത് നേരിട്ട് കോടതി അലക്ഷ്യമാകും. കോടതി ഇടപ്പെട്ടാൽ വിജിലൻസ് അന്വേഷണം വരും. അങ്ങനെ വന്നാൽ മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള പല കാര്യങ്ങളും പുറത്തുവരും.

ഈ കടമ്പ കടക്കാൻ സർക്കാർ കണ്ടെത്തിയ വഴിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.”
വിവാദം കനത്തതോടെ ഊരാളുങ്കൽ സൊസൈറ്റി പെട്ടെന്ന് ഒരു തീരുമാനമെടുത്തു: ‘ആ 2.21 കോടി രൂപ ഞങ്ങൾക്ക് വേണ്ട!’ കേൾക്കുമ്പോൾ വലിയ കാര്യം ആയ്യി തോന്നും. പക്ഷേ ഇതിനുപിന്നിൽ വലിയൊരു രാഷ്ട്രീയ തന്ത്രമുണ്ട്.
ഊരാളുങ്കൽ എന്നത് സർക്കാരിന്റെ എല്ലാ വലിയ കരാറുകളും ഏറ്റെടുക്കുന്ന സ്ഥാപനമാണ്. ഈ 2 കോടിക്ക് വേണ്ടി വാശി പിടിച്ചാൽ അത് വലിയ വിവാദമാവുകയും കോടതി ഇടപെടുകയും ചെയ്യും.

അങ്ങനെ വന്നാൽ ഊരാളുങ്കലിന് കിട്ടിക്കൊണ്ടിരിക്കുന്ന മറ്റ് വലിയ കോടികളുടെ കരാറുകളെ അത് ബാധിച്ചേക്കാം. അതുകൊണ്ട് ‘ചെറിയ മീനിനെ വിട്ട് വലിയ മീനിനെ പിടിക്കുന്ന’ തന്ത്രം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അവർ നടപ്പിലാക്കി. ഇതിനെയാണ് ഖജനാവിന് കൈപൊള്ളാതെ സർക്കാർ നടത്തിയ ‘സേഫ് എക്സിറ്റ്’ എന്ന് പറയുന്നത്.”
മുഖ്യമന്ത്രി പിണറായി വിജയൻ എപ്പോഴും പറയാറുള്ളത് സുതാര്യതയെക്കുറിച്ചാണ്. എന്നാൽ ഇവിടെ നടന്നത് എന്താണ്? സ്പോൺസർഷിപ്പ് തുകയുടെ കൃത്യമായ രസീതുകളോ രേഖകളോ ഹാജരാക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞിട്ടില്ല. പല സ്പോൺസർമാരും വാഗ്ദാനം നൽകി പിന്മാറി എന്ന് പറയുന്നു.

യഥാർത്ഥത്തിൽ നടന്നത്, സർക്കാരിന്റെ ആഡംബര മോഹം തീർക്കാൻ ഭക്തരുടെ പണം ഉപയോഗിക്കാൻ ശ്രമിച്ചു എന്നതാണ്. കോടതിയുടെ കണ്ണ് വെട്ടിക്കാൻ പറ്റില്ലെന്ന് ഉറപ്പായപ്പോൾ സ്വന്തം ഇഷ്ടക്കാരെ കൊണ്ട് ആ തുക വേണ്ടെന്ന് വെപ്പിച്ചു. പക്ഷേ ഒരു ചോദ്യം ബാക്കിയാണ്—ഈ 2 കോടിയുടെ നഷ്ടം ഊരാളുങ്കൽ എവിടെ നിന്ന് നികത്തും? അവർക്ക് കൊടുക്കുന്ന മറ്റ് സർക്കാർ കരാറുകളിൽ ഇതിനുള്ള ‘അഡ്ജസ്റ്റ്മെന്റുകൾ’ നടക്കില്ലെന്ന് ആര് ഉറപ്പ് പറയും?”സ്പോൺസർമാർ പിന്മാറി എന്നാണ് ബോർഡ് പറയുന്നത്.

ഏതാണ് ആ സ്പോൺസർമാർ? എന്തുകൊണ്ട് അവരുടെ പേര് വിവരങ്ങൾ പുറത്തുവിടുന്നില്ല? യഥാർത്ഥത്തിൽ അങ്ങനെയുള്ള സ്പോൺസർമാർ ഉണ്ടായിരുന്നോ, അതോ സർക്കാർ ഫണ്ട് വകമാറ്റി ചെലവാക്കാൻ കണ്ടെത്തിയ ഒരു പുകമറയായിരുന്നോ ഇത്? സ്പോൺസർഷിപ്പിന്റെ പേരിൽ രസീതുകൾ പോലും ഹാജരാക്കാൻ പറ്റാത്തത് എന്ത് സുതാര്യതയാണ് കാണിക്കുന്നത്? മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ആഡംബര മോഹത്തിന് അയ്യപ്പഭക്തരുടെ പണം ഉപയോഗിക്കാൻ നോക്കി, അത് നടക്കാതെ വന്നപ്പോൾ നടത്തിയ ഈ മലക്കംമറിച്ചിൽ നാണക്കേടാണ്.”സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, കടം വാങ്ങിയാണ് ശമ്പളവും പെൻഷനും നൽകുന്നതെന്ന് ധനമന്ത്രി വിലപിക്കുമ്പോൾ, എന്തിനായിരുന്നു പമ്പയിൽ ഇത്രയും വലിയൊരു ആഡംബര സംഗമം? അതും സ്പോൺസർഷിപ്പ് ഉറപ്പില്ലാതെ! മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ പോലെ തന്നെ ധൂർത്തിന്റെ മറ്റൊരു അടയാളമായി ഈ സംഗമവും മാറി.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ പോക്ക് എത്രനാൾ തുടരും?”ഒരു കാര്യം കൂടി… ഈ 2.21 കോടി രൂപ ലാഭിച്ചു എന്ന് പറയുന്നവർ ഒരു കാര്യം മറക്കുന്നു. ഇത് ഊരാളുങ്കലിന്റെ പോക്കറ്റിൽ നിന്നല്ല പോകുന്നത്. അവർക്ക് ലഭിക്കുന്ന അടുത്ത വലിയ സർക്കാർ പ്രോജക്റ്റിന്റെ എസ്റ്റിമേറ്റിൽ ഈ തുക എവിടെയെങ്കിലും ‘അഡ്ജസ്റ്റ്’ ചെയ്യപ്പെടും. അതായത് കറങ്ങിത്തിരിഞ്ഞ് വരുന്നത് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് തന്നെ ആണ്.
എന്താണ് ഈ ഊരാളുങ്കൽ സൊസൈറ്റി? സർക്കാരിന് എവിടെയൊക്കെ കണക്കിൽ പെടാത്ത ചെലവുകൾ വരുന്നുണ്ടോ, അവിടെയൊക്കെ കണക്ക് ശരിയാക്കാൻ എത്തുന്ന ഒരു മാന്ത്രിക വടിയായി ഇത് മാറിയിരിക്കുകയാണ്. സാധാരണ ഒരു കരാറുകാരൻ ബില്ല് കൊടുത്താൽ പണം കിട്ടാൻ വർഷങ്ങളോളം ഓഫീസുകൾ കയറി ഇറങ്ങണം. ഇവിടെയാകട്ടെ, ബില്ല് കൊടുക്കുന്നു, വിവാദമാകുന്നു, ഉടനെ തന്നെ ‘ആ പണം ഞങ്ങൾക്ക് വേണ്ട’ എന്ന് പറഞ്ഞ് അവർ പിന്മാറുന്നു. ഇതൊരു ലേബർ സൊസൈറ്റിയാണോ അതോ സർക്കാരിന്റെ സാമ്പത്തിക പിഴവുകൾ മായ്ച്ചു കളയാനുള്ള വൈറ്റ് ബോർഡാണോ?”

Leave a Reply

Your email address will not be published. Required fields are marked *