ആന്ധ്രാപ്രദേശ് വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനത്തിനിടെ തിക്കും തിരക്കും; ഒൻപത് പേർക്ക് ദാരുണാന്ത്യം

ആന്ധ്രാപ്രദേശ് ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒൻപത് ഭക്തർക്ക് ജീവൻ നഷ്ടമായി. ഏകാദശി ദിനത്തിൽ ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്കുണ്ടായതോടെയാണ് ദുരന്തം നടന്നത്. പതിനൊന്നോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. ആയിരക്കണക്കിന് ഭക്തർ ദർശനത്തിനായി ഒരേസമയം ക്ഷേത്രത്തിലേക്ക് നീങ്ങിയപ്പോൾ, പ്രധാന പ്രവേശന കവാടത്തിനരികെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് ആളുകൾ പരസ്പരം മറിഞ്ഞത്. നിരവധി പേർ നിലത്ത് വീണ് ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്ത് തന്നെ അഞ്ചുപേരും, പിന്നീട് ആശുപത്രിയിലായിരുന്ന നാലുപേരുമാണ് മരിച്ചത്.

പോലീസ്, അഗ്നിശമന സേന, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ രക്ഷാപ്രവർത്തനം തൽക്ഷണം ആരംഭിച്ചു. പരിക്കേറ്റവരെ ശ്രീകാകുളം ഗവൺമെന്റ് ജനറൽ ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ മെഡിക്കൽ സെന്ററുകളിലേക്കും മാറ്റിയതായി കാശിബുഗ്ഗ പൊലീസ്.

സംഭവത്തെ തുടർന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സാമൂഹ്യമാധ്യമത്തിലൂടെ ദുഃഖം രേഖപ്പെടുത്തി. “കാശിബുഗ്ഗയിലെ ദാരുണമായ അപകടത്തിൽ ഭക്തർ മരിച്ചത് അത്യന്തം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സയും സർക്കാർ ഉറപ്പാക്കും,” – എന്ന് മുഖ്യമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. മുഖ്യമന്ത്രി ജില്ലാ കലക്ടറിനും മന്ത്രിമാർക്കും സ്ഥിതിഗതികൾ വിലയിരുത്താൻ നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *