ആറാം ദിവസവും പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താനാകാതെ കേരള പോലീസ്. എംഎല്‍എയ്ക്കായി പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും എംഎല്‍എ ഒളിവില്‍ത്തന്നെ തുടരുകയാണ്. അതേസമയം, ബുധനാഴ്ച രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിന് കോടതി ജാമ്യംനിഷേധിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും ജാമ്യം കിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ .ഇതിനൊപ്പം എംഎല്‍എയെ എത്രയുംവേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നതും വെല്ലുവിളിയായി തുടരുകയാണ്. അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാടുനിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണെന്നും സൂചനയുണ്ട്. ഒരു ചുവന്ന കാറിലാണ് രാഹുല്‍ പാലക്കാടുനിന്ന് കടന്നുകളഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒരു നടിയുടെ പേരിലുള്ള കാറാണിതെന്നും സൂചനയുണ്ടായിരുന്നു. അതേസമയം, ഈ കാര്‍ ഉപയോഗിച്ചിരുന്നത് രാഹുലിനെ സഹായിച്ച കോണ്‍ഗ്രസ് നേതാവാണെന്നും സൂചനയുണ്ട്.
ആറാം ദിവസവും രാഹുല്‍ ഒളിവില്‍ത്തന്നെ; ചുവന്ന കാര്‍ ആരുടെ? നടിയുടെയോ നേതാവിന്റെയോ?
