ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോളിന് 11 രൂപ കൂട്ടി

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ചു. ഡൽഹിയിൽ പ്രീമിയം പെട്രോളിന് ഒറ്റയടിക്ക് 11 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ലിറ്ററിന് 149 രൂപയിൽ നിന്ന് 160 രൂപയായി വില ഉയർന്നു. എക്സ്ട്രാ ഗ്രീൻ പ്രീമിയം ഡീസലിന് ലിറ്ററിന് 92.99 രൂപയായും വർദ്ധിച്ചിട്ടുണ്ട്. ഇതിന് പുറമെ വിമാന ഇന്ധനവില ചരിത്രത്തിലാദ്യമായി കിലോലിറ്ററിന് രണ്ട് ലക്ഷം രൂപ കടന്നു. മാർച്ചിൽ 96,638 രൂപയായിരുന്ന എടിഎഫ് വില നിലവിൽ 2,07,342 രൂപയിലെത്തിയത് വ്യോമയാന മേഖലയെ വലിയ പ്രതിസന്ധിയിലാക്കും.

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിലും വൻ വർദ്ധനവാണുള്ളത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 195.50 രൂപ വർദ്ധിപ്പിച്ചതോടെ പുതിയ വില 2,078 രൂപയായി. കഴിഞ്ഞ മാർച്ചിലും സിലിണ്ടറിന് 114.5 രൂപ വർദ്ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം എൽപിജി ക്ഷാമം രൂക്ഷമാകുന്നതിനിടയിലാണ് ഈ വിലക്കയറ്റം. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും വാണിജ്യ സിലിണ്ടറുകളുടെയും വിമാന ഇന്ധനത്തിന്റെയും വിലവർദ്ധനവ് ഹോട്ടൽ ഭക്ഷണനിരക്കുകളെയും യാത്രാക്കൂലിയെയും വരും ദിവസങ്ങളിൽ ബാധിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *