ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎ സഖ്യം കൈവരിച്ച വിജയം അഭിമാനകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വോട്ടിന്റെയും സീറ്റിന്റെയും കാര്യത്തില്‍ ബിജെപി-എന്‍ഡിഎ നടത്തിയ മുന്നേറ്റം എതിരാളികളെ ആശ്ചര്യപ്പെടുത്തുന്നതുമാണ്. പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇടതു-വലതു മുന്നണികള്‍ ഭാവിക്കുന്നുണ്ടെങ്കിലും തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയിരിക്കുകയാണെന്ന് ഇവര്‍ മനസ്സിലാക്കുന്നുണ്ട്. എത്ര ശ്രമിച്ചാലും കേരളത്തില്‍ ബിജെപിക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് വിശ്വസിക്കുകയും, ജനങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്തവര്‍ക്ക് ഇനി കാര്യങ്ങള്‍ എളുപ്പമാവില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരും ബിജെപി സഖ്യം നേടിയ വിജയത്തെ അപവാദമായി കണ്ടവര്‍ക്ക് ഇപ്പോള്‍ ഉത്തരം മുട്ടിയിരിക്കുകയാണ്.
കൂടുതല്‍ ഗ്രാമപഞ്ചായത്തുകളില്‍ അധികാരത്തിലേറുകയും, സീറ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും, പാലക്കാടും തൃപ്പൂണിത്തുറയിലും അധികാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയും, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം ഉറപ്പാക്കുകയും ചെയ്തതില്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കും തീര്‍ച്ചയായും ആഹ്ലാദിക്കാം. പക്ഷേ ഇത് ഉത്തരവാദിത്തത്തിന്റെയും കടമയുടെയും ചുമതലകളുടെയും കാര്യമായി ഏറ്റെടുക്കുമ്പോഴേ ആ വിജയം പൂര്‍ണമാകൂ. മത്സരം അവസാനിച്ചു. ഇനി ജനസേവനത്തിനുള്ള അവസരമാണ്. ജന്മനസ്സും പൊതുജന ആവശ്യങ്ങളും തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണല്ലോ നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും നമുക്ക് കാണിച്ചു തരുന്നത്. വികസനമാണ് ഇനിയുള്ള രാഷ്‌ട്രീയം. ഭേദ ചിന്തകളില്ലാത്ത തികഞ്ഞ സമഭാവന.

Leave a Reply

Your email address will not be published. Required fields are marked *