ഇന്ന് കൂടുതൽ സമയവും സ്ക്രീനുകൾക്ക് മുന്നിൽ ചിലവഴിക്കുന്നവരാണ് അധികവും.ഇത് കണ്ണുകൾക്ക് സമ്മർദ്ദം ഉണ്ടാക്കും. ഈ സമ്മർദ്ദം അകറ്റാൻ പ്രകൃതിയിൽ തന്നെ മാർഗങ്ങളും ഉണ്ട്. പോഷകങ്ങൾ ധാരാളം അടങ്ങിയതും കാഴ്ചശക്തി വർധിപ്പിക്കാനും കണ്ണിന്റെ ക്ഷീണം അകറ്റാനും സഹായിക്കുന്ന ചില പഴങ്ങളുണ്ട്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന തിമിരം പോലുള്ള നേത്രരോഗങ്ങളിൽ നിന്ന് ഇവ സംരക്ഷണമേകുന്നു. ഏതൊക്കെയാണ് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പഴങ്ങൾ എന്നറിയാം.
ബ്ലൂബെറി കാഴ്ചയിൽ ചെറുതെങ്കിലും ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ പഴമാണിത്. കണ്ണിലെ കലകൾ, പ്രത്യേകിച്ച് ലെൻസിലെയും റെറ്റിനയിലെയും കലകൾക്ക് പ്രായമാകുന്നതിന് ഓക്സീകരണ സമ്മർദവും ഫ്രീറാഡിക്കലുകളുടെ ക്ഷതവുമാണ് കാരണമാകുന്നത്. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് കണ്ണുകളെ ഈ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കും. ബ്ലൂബെറിയിലെ ചില ഘടകങ്ങൾ, പ്രമേഹമില്ലാത്തവരിലെ കാഴ്ചശക്തി മെച്ചപ്പെടുത്തും.
പപ്പായ കണ്ണുകൾ ഇടയ്ക്കിടെ ക്ഷീണം തോന്നാറുണ്ടോ? കണ്ണുകൾ വരളുകയോ ചൊറിച്ചിൽ അനുഭവപ്പെടുകയോ ചെയ്യാറുണ്ടോ? കണ്ണുകളുടെ വരൾച്ച തടയാനും കണ്ണിനുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാനും പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. പപ്പായയിൽ വൈറ്റമിൻ എ, മറ്റ് കരോട്ടിനോയ്ഡുകൾ ആന്റി ഇൻഫ്ലമേറ്ററി ഫൈറ്റോ നൂട്രിയന്റുകൾ, ഇവയുമുണ്ട്. കരോട്ടിനോയ്ഡുകൾ റെറ്റിനയുടെയും കണ്ണിലെ ലെൻസിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. കണ്ണിലെ കലകളെ (ടിഷ്യു)യും ഇത് സംരക്ഷിക്കും. പപ്പായയിൽ ല്വൂട്ടിൻ, സീസാന്തിൻ തുടങ്ങിയ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്. പപ്പായയിൽ അടങ്ങിയ പോഷകങ്ങൾ ഇൻഫ്ലമേഷൻ കുറയ്ക്കുകയും ഓക്സീകരണ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും സ്മൂത്തി ആക്കിയും നാരങ്ങയോടും ചിയ സീഡിനുമൊപ്പം ചേർത്തും പപ്പായ കഴിക്കാം.
