ചക്ര ശ്വാസം വലിച്ച് പിണറായി, പണി കൊടുത്ത് കോടതി

“ഒളിച്ചുകളി അവസാനിക്കുന്നു! ഇരട്ടത്താപ്പിന്റെ രാഷ്ട്രീയത്തിന് സുപ്രീംകോടതി പൂട്ടിടുന്നു. 2018-ൽ കേരളത്തിന്റെ തെരുവുകളെ തീപിടിപ്പിച്ച, വിശ്വാസികളെയും ഭരണകൂടത്തെയും നേർക്കുനേർ നിർത്തിയ ആ കനൽ വീണ്ടും ജ്വലിക്കുകയാണ്. പക്ഷേ ഇത്തവണ കളി മാറിയിരിക്കുന്നു! മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഒരു വലിയ ധർമ്മസങ്കടത്തിലാണ്. ഒരുവശത്ത് താൻ കെട്ടിപ്പടുത്ത ‘നവോത്ഥാന നായകൻ’ എന്ന ഇമേജ്, മറുവശത്ത് വോട്ടുബാങ്ക് തകർത്ത വിശ്വാസികളുടെ രോഷം. മൗനം വിദ്വാന് ഭൂഷണമെന്ന മട്ടിൽ കഴിഞ്ഞ കുറേക്കാലമായി ശബരിമല വിഷയത്തിൽ ഒളിച്ചോടിയ പിണറായി സർക്കാരിന്റെ നെഞ്ചിലേക്ക് സുപ്രീംകോടതി എറിഞ്ഞത് ഒരു തീപ്പന്തമാണ്. മാർച്ച് 14-നകം നിലപാട് വ്യക്തമാക്കണം! അമിക്കസ് ക്യൂറി കെ. പരമേശ്വരന്റെ വരവ് ആർക്ക് വേണ്ടിയാണ്? പിണറായിയുടെ നവോത്ഥാന മതിൽ തകരുമോ അതോ വിശ്വാസികൾ വീണ്ടും വഞ്ചിക്കപ്പെടുമോ?

നമുക്ക് 2018-ലേക്ക് ഒന്ന് തിരിച്ചുപോകാം. സുപ്രീംകോടതിയുടെ ചരിത്രപരമായ ആ വിധി വന്ന ദിവസം. ‘സ്ത്രീപുരുഷ സമത്വം’ എന്ന മനോഹരമായ ലേബലിൽ ശബരിമലയിലെ ആചാരങ്ങൾ മാറ്റാൻ കോടതി ഉത്തരവിട്ടു. ഒരു ഭരണാധികാരി എന്ന നിലയിൽ കോടതി വിധി നടപ്പിലാക്കാൻ പിണറായിക്ക് ബാധ്യതയുണ്ടായിരുന്നു, അത് ശരിയാണ്. പക്ഷേ, ആവേശം മൂത്ത് അദ്ദേഹം ചെയ്തത് എന്താണ്?
വിശ്വാസികളെ വെല്ലുവിളിച്ചു! ഭക്തരായ സ്ത്രീകളെ ‘കുലസ്ത്രീകൾ’ എന്ന് വിളിച്ച് ആക്ഷേപിച്ചു. പോലീസിനെ ഉപയോഗിച്ച് സന്നിധാനത്തെ യുദ്ധക്കളമാക്കി. രാത്രിയുടെ മറവിൽ, ആംബുലൻസിലും മറ്റും യുവതികളെ മലകയറ്റി ‘വിപ്ലവം’ നടത്തി എന്ന് അഹങ്കരിച്ചു. അന്ന് പിണറായിക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ – തന്നെ ഒരു നവോത്ഥാന നായകനായി ലോകത്തിന് മുന്നിൽ പ്രതിഷ്ഠിക്കുക. വനിതാ മതിൽ തീർത്ത് അദ്ദേഹം പ്രഖ്യാപിച്ചു, ‘കേരളം മാറുകയാണ്’ എന്ന്. പക്ഷേ, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ നൽകിയ മറുപടി പിണറായിയെ ഞെട്ടിച്ചു. ഇടതുകോട്ടകൾ തകർന്നു വീണു. 20-ൽ 19 സീറ്റിലും എൽഡിഎഫ് നിലംപരിശായി. അന്ന് പിണറായി പഠിച്ച പാഠം ഒന്നായിരുന്നു – വിശ്വാസികളെ പിണക്കിയാൽ ഭരണം പോകും!

അവിടെ നിന്നാണ് പിണറായി വിജയന്റെ ‘യു-ടേൺ’ രാഷ്ട്രീയം തുടങ്ങുന്നത്. അതുവരെ വിപ്ലവം പറഞ്ഞ മുഖ്യമന്ത്രി പെട്ടെന്ന് മൗനിയായി. ‘വിധി വന്നാലുടൻ നടപ്പിലാക്കില്ല, എല്ലാവരുമായും ആലോചിച്ചേ തീരുമാനിക്കൂ’ എന്ന് മാറ്റി പറഞ്ഞു. വിശ്വാസികളെ കയ്യിലെടുക്കാൻ ശ്രമിച്ചു. പക്ഷേ, കാലം കരുതിവെച്ച വിധി ഇപ്പോൾ സുപ്രീംകോടതിയുടെ രൂപത്തിൽ വീണ്ടും വന്നിരിക്കുന്നു.”
“ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് നോക്കാം. സുപ്രീംകോടതി ഈ കേസ് വെറുമൊരു ശബരിമല കേസായിട്ടല്ല കാണുന്നത്. ഇത് ‘ഇന്ത്യയുടെ മതസ്വാതന്ത്ര്യം’ എന്ന വലിയ ക്യാൻവാസിലാണ് പരിശോധിക്കുന്നത്. ഇതിനായി കോടതി ഏഴ് പ്രധാന ചോദ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ ചോദ്യങ്ങൾ പിണറായി സർക്കാരിനെ സംബന്ധിച്ച് ‘ചെകുത്താനും കടലിനും നടുവിൽ’ നിൽക്കുന്ന അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയാണോ അതോ നൂറ്റാണ്ടുകളായുള്ള മതവിശ്വാസമാണോ വലുത്? പിണറായി തുല്യത എന്ന് പറഞ്ഞാൽ വിശ്വാസികൾ വീണ്ടും ശത്രുക്കളാകും. ആചാരമെന്ന് പറഞ്ഞാൽ പഴയ നവോത്ഥാന വാദികൾ അദ്ദേഹത്തെ ‘തള്ളിക്കളയും’. ഒരു മതത്തിന്റെ ആചാരങ്ങളിൽ ഇടപെടാൻ കോടതിക്കും സർക്കാരിനും എത്രത്തോളം അവകാശമുണ്ട്?ശബരിമലയിൽ എടുക്കുന്ന തീരുമാനം നാളെ ഇന്ത്യയിലെ മുസ്ലിം ആചാരങ്ങളെയും ബാധിക്കും. അവിടെ പിണറായി എന്ത് നിലപാട് എടുക്കും?

മുസ്ലിം വോട്ടുബാങ്കിനെ പിണക്കാൻ അദ്ദേഹത്തിന് ധൈര്യമുണ്ടോ?
ഈ ഏഴ് ചോദ്യങ്ങൾക്കും മാർച്ച് 14-നകം വ്യക്തമായ മറുപടി നൽകണം. അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട മലയാളിയായ കെ. പരമേശ്വരന്റെ റിപ്പോർട്ട് കോടതിയിൽ എത്തുമ്പോൾ, സർക്കാരിന് ഇനി ഉരുണ്ടുകളിക്കാൻ കഴിയില്ല. 2018-ലെ തന്റെ പഴയ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കാൻ പിണറായിക്ക് കഴിയുമോ? അതോ വോട്ടിന് വേണ്ടി അത് തിരുത്തുമോ?”
“നിലവിലെ നിയമമന്ത്രി പി. രാജീവിന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ പിണറായി സർക്കാരിന്റെ ഭയം നമുക്ക് മനസ്സിലാക്കാം. ‘ആചാരങ്ങൾ മാറ്റണമോ എന്ന് തീരുമാനിക്കാൻ പണ്ഡിതന്മാരുടെ കമ്മിഷൻ വേണം’ എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്.
എന്ത് പ്രഹസനമാണിത് ? 2018-ൽ യുവതികളെ മലകയറ്റിയപ്പോൾ ഏത് പണ്ഡിതന്മാരോടാണ് നിങ്ങൾ ചോദിച്ചത്? അന്ന് പോലീസിനെ വിട്ട് തന്ത്രിയെയും ഭക്തരെയും ഭീഷണിപ്പെടുത്തിയപ്പോൾ ഈ ‘പണ്ഡിത സഭ’ എവിടെയായിരുന്നു? ഇപ്പോൾ വോട്ടുബാങ്ക് തകരുമെന്ന് പേടി വന്നപ്പോൾ പണ്ഡിതന്മാരെ ഓർമ്മ വരുന്നു. ഇതിനെയാണ് പച്ചയായ ‘രാഷ്ട്രീയ ഇരട്ടത്താപ്പ്’ എന്ന് വിളിക്കുന്നത്. പിണറായി വിജയൻ ഇപ്പോൾ ഒരു വലിയ കുരുക്കിലാണ്.

എ.ജിയുടെ നിയമോപദേശം തേടി സമയം നീട്ടിക്കൊണ്ടുപോകാനാണ് അദ്ദേഹം നോക്കുന്നത്. പക്ഷേ സുപ്രീംകോടതി വിടാൻ ഭാവമില്ല. ഒമ്പതംഗ ബെഞ്ച് വിധി പ്രസ്താവിക്കുമ്പോൾ അത് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാകും. താൻ പടുത്തുയർത്തിയ ‘പുരോഗമന ബിംബം’ ഉടഞ്ഞു വീഴുന്നത് അദ്ദേഹം ഭയപ്പെടുന്നു.”
“ഈ പോരാട്ടത്തിൽ സമുദായ സംഘടനകളുടെ നിലപാട് അതീവ നിർണ്ണായകമാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സർക്കാരിനെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. ‘വിശ്വാസം സംരക്ഷിക്കുമെന്ന് സർക്കാർ ഉറപ്പുനൽകണം’ എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മറുഭാഗത്ത് കെപിഎംഎസ് പോലുള്ള സംഘടനകൾ ഭരണഘടനാ സമത്വത്തിന് വേണ്ടി വാദിക്കുന്നു. സിപിഎമ്മിനുള്ളിലും വലിയൊരു വിഭാഗം ഭയപ്പെടുന്നു – വിശ്വാസത്തെ തള്ളിപ്പറഞ്ഞാൽ അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന്.

പിണറായി വിജയൻ ഇന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. നവോത്ഥാന നായകന്റെ പരിവേഷം കാത്തുസൂക്ഷിക്കണോ അതോ വിശ്വാസികളെ കൂടെനിർത്തണോ?
വിശ്വാസികളെ കൂടെനിർത്തിയാൽ അത് തന്റെ പഴയ ‘കരുത്തൻ’ ഇമേജിന് മങ്ങലേൽപ്പിക്കും. നവോത്ഥാനത്തിന് വേണ്ടി നിന്നാൽ വോട്ടുബാങ്ക് തകരും. ശരിക്കും പറഞ്ഞാൽ സ്വന്തം കുഴി തോണ്ടിയ അവസ്ഥയിലാണ് പിണറായി വിജയൻ!”

Leave a Reply

Your email address will not be published. Required fields are marked *