ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. കീഴ്കോടതിയാണ് അപേക്ഷ തള്ളിയത്. ഇ തോടെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് കന്യാസ്ത്രീമാരുടെ അഭിഭാഷക അറിയിച്ചു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി യാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നത്..അതേസമയം കന്യാസ്ത്രീമാരുടെ നേര്‍ക്കുണ്ടായ സമീപനത്തിലും മോചനം വൈകുന്നതിലും രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ട്.ഇതിനിടെ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ പ്രതിപക്ഷ എംപിമാര്‍ സന്ദര്‍ശിച്ചു.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വളരെ മോശമായ രീതിയിലാണ് തങ്ങളെ നേരിട്ടതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി എംപിമാര്‍ സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു. എന്‍ കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍, സപ്തഗിരി എന്നീ എംപിമാരാണ് ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ കാണാനായി എത്തിയത്. ഇവരെ കൂടാതെ കന്യാസ്ത്രീകളുടെ ബന്ധുവായ ബൈജുവിനും ജയിലില്‍ ഇവരെ കാണാന്‍ അനുമതി ലഭിച്ചിരുന്നു.എന്നാൽ ഇടതു പക്ഷ എംപിമാരെയും നേതാക്കളെയും കന്യാസ്ത്രീകളെ കാണാന്‍ പൊലീസ് അനുമതി നല്‍കിയില്ല.