പാകിസ്ഥാൻ സ്‌പോൺസേർഡ് ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. എന്നാൽ അവിടെ സംഭവിച്ചത് സുരക്ഷാ വീഴ്ച തന്നെയെന്ന് സമ്മതിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഭീകരര്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്നില്ല എന്നതായിരുന്നു കശ്മീരിൽ പൊതുവായുള്ള വിശ്വാസം. തുറന്ന പുല്‍മേട്ടിലാണ് ആക്രമണമുണ്ടായത്. അവിടെ സുരക്ഷാസേനയ്ക്ക് കഴിയാന്‍ സ്ഥലമോ സൗകര്യങ്ങളോ ഇല്ല. കേസില്‍ എന്‍ഐഎ നടത്തിയ അറസ്റ്റുകള്‍ പ്രാദേശിക പങ്കാളിത്തത്തെ സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
ലഫ്. ഗവര്‍ണര്‍ പദവിയിലെത്തി അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിൽ ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.
ആക്രമണത്തിനുശേഷം കശ്മീര്‍ ജനതയുടെ പ്രതിഷേധങ്ങള്‍ പാകിസ്താനും ഭീകരര്‍ക്കുമുള്ള തക്ക മറുപടിയായിരുന്നു. ഭീകരവാദം ഇവിടെ സ്വീകാര്യമല്ലെന്നതിന്റെ തെളിവുകളായിരുന്നു അവ. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ജമ്മു കശ്മീരില്‍ ആക്രമണങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കുനേരെയുള്ള ഏതൊരു ഭീകരാക്രമണവും യുദ്ധത്തിനുള്ള കാരണമായി കണക്കാക്കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും പാകിസ്താനെ വിശ്വസിക്കാന്‍ കഴിയില്ല. പാകിസ്താനെ ഇപ്പോഴും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.