മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ രചിച്ച ഓർമ്മക്കുറിപ്പുകളുടെ പകർപ്പ് രാഹുൽ ഗാന്ധിയുടെ കൈവശം എത്തിയതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. പുസ്തകം ഇതുവരെ വിപണിയിൽ എത്തിയിട്ടില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ ബുക്ക്സ് വ്യക്തമാക്കിയതോടെ, ഇതിന്റെ ഉള്ളടക്കം ചോർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയത്തിലാണ് ഡൽഹി പോലീസ്.
ചൈനീസ് കടന്നുകയറ്റ സമയത്ത് സർക്കാർ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയില്ലെന്ന് നരവനെയുടെ പുസ്തകത്തിലുണ്ടെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധി സഭയിലെത്തിയത്. എന്നാൽ, പുസ്തകം ഔദ്യോഗികമായി പുറത്തിറങ്ങാത്തതിനാൽ ഈ വിഷയം ഉന്നയിക്കുന്നതിൽ നിന്ന് സർക്കാർ അദ്ദേഹത്തെ തടഞ്ഞു. ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിന്റെ ഹാർഡ് കോപ്പി എങ്ങനെ രാഹുൽ ഗാന്ധിക്ക് ലഭിച്ചു എന്നത് സംബന്ധിച്ച് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.
