നിങ്ങൾ വികസനം കണ്ടിട്ടുണ്ടോ? എങ്കിൽ നേരെ ഏറ്റുമാനൂരിലേക്ക് വരൂ. അവിടെ വികസനം റോഡിലല്ല, ആശുപത്രിയിലല്ല, സ്കൂളിലുമല്ല… പിന്നെയോ?അത്. വാസവൻ ന്റെ പ്രകടനപത്രികയിലാണ്!
അതെ സുഹൃത്തുക്കളെ, കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റുമാനൂരിൽ നടക്കുന്നത് വികസനത്തിന്റെ ഒരു ആറാട്ടാണ്… കടലാസിൽ! വാഗ്ദാനങ്ങൾ കൊണ്ട് ജനങ്ങളെ പറ്റിക്കുന്ന , വാക്കുകൾ കൊണ്ട് ഗോപുരം തീർക്കുന്ന വാസവൻ സാറിന്റെ ആ പ്രകടനപത്രിക, അത് സത്യത്തിൽ ഒരു മാന്ത്രിക പത്രികയാണ്. അതിലെന്തുണ്ട് എന്ന് ചോദിച്ചാൽ, എല്ലാമുണ്ട്. എന്തൊക്കെ നടപ്പിലായി എന്ന് ചോദിച്ചാൽ… അത് ചോദിക്കാൻ പാടില്ല!
ആദ്യമായി നമുക്ക് ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് സംസാരിക്കാം. ഇത് വെറുമൊരു കുരുക്കല്ല, ഇതൊരു ധ്യാനമാണ്! ട്രാഫിക്കിൽ മണിക്കൂറുകളോളം കിടക്കുമ്പോൾ നമുക്ക് മന്ത്രിയുടെ പഴയ വാഗ്ദാനങ്ങളെക്കുറിച്ചൊക്കെ ചിന്തിക്കാനും ആത്മപരിശോധന നടത്താനും വലിയ അവസരമാണ് വാസവൻ ഒരുക്കിയിരിക്കുന്നത്. എന്തിന് ഫ്ലൈ ഓവറും റിങ് റോഡും ഒക്കെ വേണം? ഈ ബ്ലോക്കിൽ കിടക്കുമ്പോഴല്ലേ അയൽക്കാരോട് സുഖവിവരം ചോദിക്കാൻ പറ്റൂ! എങ്ങനെയുണ്ട് വികസനത്തിന്റെ പുതിയ കാഴ്ചപ്പാട്?
ഇനി ഏറ്റുമാനൂർ നഗരത്തെ ഒരു ആധുനിക നഗരമാക്കുന്ന ആ വലിയ മാസ്റ്റർ പ്ലാനിനെക്കുറിച്ച് കേൾക്കുമ്പോൾ ഏത് മലയാളിയും ഞെട്ടിപ്പോകും. വുമൺ വെൽനസ്സ് സെന്ററുകൾ, ശൗചാലയങ്ങൾ, ആധുനിക മത്സ്യ-മാംസ വിപണികൾ… ഇതെല്ലാം എവിടെയാണെന്ന് തിരഞ്ഞു നോക്കിയാൽ അത് വാസവന്റെ ആ പ്രകടനപത്രികയിലെ ഏതെങ്കിലും പേജിൽ ഭദ്രമായി ഇരിപ്പുണ്ടാകും.. കഷ്ടപ്പെടുന്നതിനേക്കാൾ നല്ലത് അത് അവിടെ സൂക്ഷിക്കുന്നതല്ലേ?ഒരു മിനി സിവിൽ സ്റ്റേഷൻ വേണം, ഒരു റവന്യൂ ടവർ വേണം എന്ന് പറഞ്ഞിട്ട് വർഷങ്ങൾ എത്രയായി? പക്ഷെ വാസവൻ സാർ വിചാരിച്ചത് മണ്ഡലത്തിലെ ജനങ്ങൾക്ക് കുറച്ചുകൂടി പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ അവസരമൊരുക്കാം എന്നാണ്.
അതുകൊണ്ടാണ് മിനി സിവിൽ സ്റ്റേഷന് പകരം കടലാസിൽ തന്നെ വയ്ക്കാനും, പഴയ കെട്ടിടങ്ങളിൽ തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനും തീരുമാനിച്ചത്!
കോട്ടയം മെഡിക്കൽ കോളേജിനെ എയിംസ് നിലവാരത്തിലെത്തിക്കും എന്നൊക്കെ പറയുമ്പോൾ നമ്മൾ വിചാരിച്ചു ഇനി സുഖമായി ചികിൽസിക്കാം എന്ന്. എന്നാൽ ഒടുവിൽ സംഭവിച്ചത് പഴയ കെട്ടിടത്തിലെ രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു എന്നതാണ്! ഇതൊക്കെയാണ് യഥാർത്ഥ വികസനം! എങ്ങനെയുണ്ട് വികസനത്തിന്റെ പേരിൽ നടക്കുന്ന ഈ ഷിഫ്റ്റിംഗ് പരിപാടി?
ഇതാണോ സാർ എയിംസ് നിലവാരം?
ഇൻഫെക്ഷൻ ഡിസീസ് റിസർച്ച് സെന്റർ വരും, സ്പോർട്സ് മെഡിസിൻ സെന്റർ വരും, കുട്ടികളുടെ ആശുപത്രി ഗൈനക്കോളജി വിഭാഗത്തിന് അടുത്താക്കും… ഇതെല്ലാം വെറും വാചകക്കസർത്തുക്കളായി അവശേഷിക്കുന്നു. സ്പോർട്സ് കോളേജ് വരും എന്ന് കേട്ട് പരിശീലനം തുടങ്ങിയ കുട്ടികൾ ഇപ്പോൾ റിട്ടയർമെന്റ് പ്രായമായിട്ടുണ്ടാകും
ഏറ്റവും രസം ടൂറിസമാണ്. ഏറ്റുമാനൂർ ക്ഷേത്രം മുതൽ കുമരകം വരെ നീളുന്ന ഒരു വലിയ ലിസ്റ്റ് തന്നെയുണ്ടായിരുന്നു. ഹെലിപ്പാഡ്, എയർ ടാക്സി, വാട്ടർ മെട്രോ… ഇതൊക്കെ കേട്ടപ്പോൾ ഏറ്റുമാനൂരുകാർ കരുതി ഇനി വണ്ടി വേണ്ട, പറന്നു നടക്കാമെന്ന്. വൈക്കം മുതൽ കുമരകം വരെ ടൂറിസം ഹബ്ബ്, ഗ്രാമീണ ജീവിതം കാണാൻ പ്രത്യേക പദ്ധതി… ഇതൊക്കെ എവിടെപ്പോയി? എയർ ടാക്സി പോയിട്ട് ഒരു സാധാരണ ടാക്സി പോലും വരാൻ പേടിക്കുന്ന റോഡുകളാണ് ഇപ്പോഴുമുള്ളത്. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ കുമരകത്തെ എത്തിക്കും എന്ന് പറഞ്ഞിട്ട് ഉള്ള സൗകര്യങ്ങൾ കൂടി നശിപ്പിക്കുന്ന വിദ്യയാണ് മന്ത്രി പയറ്റുന്നത്.
കുടിവെള്ളത്തിന്റെ കാര്യം പിന്നെ പറയണ്ടല്ലോ… പൈപ്പിലൂടെ വെള്ളത്തിന് പകരം ശുദ്ധവായു വരുമ്പോൾ ഉണ്ടാകുന്ന ആ ഒരു ആനന്ദമുണ്ടല്ലോ, അത് അനുഭവിക്കാത്തവർക്ക് അറിയില്ല. ഇത്തവണയും പുതിയ പുതിയ സ്വപ്നങ്ങളുമായി പ്രകടനപത്രിക ഇറങ്ങും. അതിൽ ഒരുപക്ഷെ ചൊവ്വയിലേക്ക് എയർ ടാക്സി ഉണ്ടാകും, അല്ലെങ്കിൽ കപ്പലണ്ടി വിൽക്കാൻ റോബോർട്ടുകൾ വരും. എന്ത് വന്നാലും നടപ്പിലാക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ട് നമുക്ക് ധൈര്യമായി ആ സ്വപ്നങ്ങൾ വായിച്ചു ചിരിക്കാം. കാരണം, വാസവൻ സാറിന് വാഗ്ദാനങ്ങൾ നൽകാനറിയാം, അത് പാലിക്കാതിരിക്കാനുള്ള ആ തന്റേടവും അദ്ദേഹത്തിനുണ്ട്. ജനം ചോദിക്കുന്നു… സാറേ, ഇനിയും ഈ പാവങ്ങളെ ഇങ്ങനെ കളിപ്പിക്കണോ?”
വാസവൻ സാറിന്റെ പ്രകടനപത്രിക എന്നത് ഒരു അത്ഭുത സ്വപ്നമാണ്. നടക്കാത്ത കാര്യങ്ങൾ ഇത്രയും ഭംഗിയായി എഴുതിപ്പിടിപ്പിക്കാൻ വേറെ ആർക്കും കഴിയില്ല. ഇത്തവണയും വരും പുതിയ സ്വപ്നങ്ങളുമായി ഒരു പുസ്തകം.
അത് വായിച്ചു ചിരിക്കാൻ നല്ലതാണ്, പക്ഷെ വിശ്വസിച്ചാൽ ഏറ്റുമാനൂരുകാരുടെ അവസ്ഥ ഇനിയും ഇങ്ങനെ തന്നെ തുടരും. പറയുന്നത് നടപ്പിലാക്കുന്നവരാകണം ജനപ്രതിനിധി എന്ന് ജനം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. സാറേ, ഈ ‘പ്രകടനം’ ഇനി എവിടെയും വിലപ്പോകില്ല.
നമ്മൾ എല്ലാവരും വിചാരിച്ചു കേരളം മൊത്തം വികസിപ്പിച്ചു കുളമാക്കി കൊണ്ടിരിക്കുന്നത് നമ്മുടെ ഇരട്ടച്ചങ്കൻ മാത്രമാണെന്ന്. പക്ഷെ ഏറ്റുമാനൂർ മണ്ഡലത്തിൽ വന്നപ്പോഴാണ് മനസ്സിലായത്, അവിടെ വി.എൻ. വാസവൻ പിണറായി വിജയനേക്കാൾ വലിയ ‘വികസന വിപ്ലവം’ നടത്തിക്കൊണ്ടിരിക്കുകയാണെന്ന്! അതെ, പിണറായി കേരളം മൊത്തം കടമെടുത്ത് മുടിപ്പിക്കുമ്പോൾ, വാസവൻ ഏറ്റുമാനൂരിനെ വാഗ്ദാനങ്ങൾ കൊണ്ട് മൂടി ശ്വാസം മുട്ടിക്കുകയാണ്. ഇവർ രണ്ടുപേരും കൂടിച്ചേർന്നാൽ പിന്നെ ജനങ്ങൾക്ക് വോട്ട് ചെയ്യേണ്ടി വരില്ല, പകരം ആകാശത്തേക്ക് നോക്കി ഇരുന്നാൽ മതി, കാരണം അവിടെയാണ് ഇവരുടെ വികസനം പറക്കുന്നത്!”പിണറായി വിജയൻ പറയും, ‘നാട് നന്നാകുകയാണ്, ആരും പേടിക്കണ്ട’ എന്ന്. ശരിയാണ്, നാട് നന്നായി നശിക്കുന്നുണ്ട്! അതിന്റെ ഒരു ചെറിയ പതിപ്പാണ് ഏറ്റുമാനൂർ. അവിടെ ഗതാഗതക്കുരുക്ക് മാറ്റാൻ ഫ്ലൈ ഓവർ വരും എന്ന് വാസവൻ സാർ പറഞ്ഞിട്ട് വർഷങ്ങളായി. മുഖ്യമന്ത്രിയുടെ കെ-റെയിൽ പോലെ തന്നെയാണ് വാസവൻ സാറിന്റെ ഫ്ലൈ ഓവറും.
രണ്ടും കടലാസിലുണ്ട്, പക്ഷെ റോഡിലില്ല! പിണറായി സാർ കടം വാങ്ങി ഹെലികോപ്റ്ററിൽ നടക്കുമ്പോൾ, വാസവൻ സാർ ഏറ്റുമാനൂർക്കാർക്ക് ‘എയർ ടാക്സി’ വാഗ്ദാനം ചെയ്തത് എത്ര വലിയ തമാശയാണ്! സാധാരണക്കാർക്ക് ബസ്സിൽ പോകാൻ പൈസയില്ലാത്ത നാട്ടിലാണ് സാർ ഹെലികോപ്റ്ററിൽ വരാൻ പറയുന്നത്. ഇതൊക്കെ കേട്ട് ചിരിക്കാനല്ലേ നമുക്ക് പറ്റൂ?
നിങ്ങളോട് ജനങ്ങൾക്ക് ഒരൊറ്റ കാര്യമേ പറയാൻ ഉള്ളു. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം പുത്തൻ പട്ടുപുതപ്പ് പോലെ ഈ പ്രകടനപത്രിക പുറത്തെടുത്ത് വോട്ടർമാരുടെ മുന്നിൽ വിരിക്കാൻ നിങ്ങൾക്ക് ഒരു മടിയുമില്ല. വായുവിൽ വിമാനം പറത്തുന്നതും മെട്രോ ഓടിക്കുന്നതും ഒക്കെ കേൾക്കാൻ നല്ല സുഖമാണ്. പക്ഷേ, ഇങ്ങനെ വാരിക്കോരി വാഗ്ദാനം കൊടുക്കുന്നതല്ലാതെ, ഇത് എന്നെങ്കിലും ഒന്ന് നടപ്പിലാക്കാൻ നോക്കിയിട്ടുണ്ടോ?
പഴയ പ്രകടനപത്രികയിലെ ആ വാഗ്ദാനങ്ങൾ ഇപ്പോഴും അലമാരയിൽ ഇരിപ്പുണ്ടാകും. ഇടയ്ക്കൊക്കെ അതൊന്ന് പുറത്തെടുത്ത്, അതിലെ ‘പൊടി ഒന്ന് തട്ടിയെടുക്കുന്നത്’ നന്നായിരിക്കും സാറേ! കാരണം ആ പൊടിക്കടിയിൽ ശ്വാസം മുട്ടി കിടക്കുന്നത് ഏറ്റുമാനൂരിലെ ജനങ്ങളുടെ പ്രതീക്ഷകളാണ്.
പഴയത് നടപ്പിലാക്കാതെ പുതിയത് പ്രഖ്യാപിക്കുമ്പോൾ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് നിങ്ങൾ
നിങ്ങൾ ആകാശത്ത് എയർ ടാക്സി പറത്തുമ്പോൾ, താഴെ റോഡിലെ കുഴിയിൽ വീണ് നടുവൊടിയുന്നത് സാധാരണക്കാരന്റെയാണ്. മുഖ്യമന്ത്രി കേരളം മൊത്തം ശരിയാക്കി എന്ന് പറയുമ്പോൾ, സാർ ഏറ്റുമാനൂർ ശരിയാക്കി എന്ന് അവകാശപ്പെടുമ്പോൾ… ഒന്ന് പുറത്തിറങ്ങി നടന്നു നോക്കണം. പൊടിപിടിച്ചു കിടക്കുന്ന നിങ്ങളുടെ പഴയ വാഗ്ദാനങ്ങൾ കാണുമ്പോൾ ജനങ്ങൾക്ക് ചിരിയല്ല, പുച്ഛമാണ് വരുന്നത്.
പറയുന്നത് നടപ്പിലാക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ പ്രകടനം? ഇത്തവണ പൊടി തട്ടാത്ത പഴയ വാഗ്ദാനങ്ങളുമായി വന്നാൽ, വോട്ടർമാർക്ക് നിങ്ങളെ തട്ടിക്കളയാൻ അധികം സമയം വേണ്ടിവരില്ല. കാരണം, ഏറ്റുമാനൂർക്കാർക്ക് വേണ്ടത് നിങ്ങളുടെ ‘പ്രകടനമല്ല’, മറിച്ച് ചെയ്ത കാര്യങ്ങളുടെ ‘റിപ്പോർട്ട് കാർഡാണ്’!”
