പിണറായിയുടെ വൻ കള്ളകളി പുറത്ത്

കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ, വിശേഷിച്ച് നാടുവിടാൻ ബാഗും പാക്ക് ചെയ്ത് വിസയ്ക്കായി കാത്തിരിക്കുന്ന എന്റെ യുവ സുഹൃത്തുക്കളെ… നിങ്ങൾക്കായി ഇതാ ഒരു വമ്പൻ സന്തോഷ വാർത്ത! നമ്മുടെ മുഖ്യമന്ത്രിയും സംഘവും ചേർന്ന് കോഴിക്കോട് വെച്ച് ഒരു ‘അത്ഭുത രേഖ’ പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ പേര് ‘പ്രകടനപത്രിക’ എന്നാണ്. കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം ഒക്കെ വരുന്നുണ്ടല്ലോ അല്ലേ? വരണം, കാരണം ഇതിലെ വാഗ്ദാനങ്ങൾ കേട്ടാൽ സാക്ഷാൽ അലാവുദ്ദീന്റെ അത്ഭുതവിളക്ക് പോലും ലജ്ജിച്ച് പുകഞ്ഞുപോകും. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഈ നാണം കെട്ട വാഗ്ദാനങ്ങൾ എങ്ങനെയാണ് ഇത്ര കൃത്യമായി പുറത്തുവരുന്നത് എന്നതാണ് നമ്മുടെ ഒന്നാമത്തെ അത്ഭുതം.
ആദ്യം തന്നെ നമുക്ക് ആ ‘ബമ്പൻ’ പ്രഖ്യാപനത്തിലേക്ക് കടക്കാം. ‘കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി!’ കേൾക്കുമ്പോൾ എന്ത് സുഖം, അല്ലേ? പക്ഷേ പ്രിയപ്പെട്ട സർക്കാരേ, ഈ ‘എല്ലാവരും’ എന്ന് ഉദ്ദേശിച്ചത് ഇപ്പോൾ വിദേശത്ത് പ്ലേറ്റ് കഴുകാനും ഷെൽഫ് അടുക്കാനും പോകുന്ന നമ്മുടെ പിള്ളേരെയാണോ? അതോ ഇവിടെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ വന്നിട്ടും നിയമനം കിട്ടാതെ സെക്രട്ടറിയേറ്റിന് മുന്നിൽ മുട്ടിലിഴയുന്ന പാവങ്ങളെയാണോ? നാണം എന്നൊരു സാധനം അല്പമെങ്കിലും ബാക്കിയുണ്ടോ എന്ന് ചോദിക്കാനാണ് ഇപ്പോൾ ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. ബിരുദ വിദ്യാഭ്യാസം 2026 മുതൽ സൗജന്യമാക്കും പോലും! ഇവിടെ സൗജന്യമായി പഠിച്ചിട്ട് എന്ത് ചെയ്യാനാണ് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? പഠിച്ചിറങ്ങുന്ന പിള്ളേർക്ക് നല്ല ഒന്നാന്തരം ഒരു പാസ്പോർട്ടും വിസയും കൂടി ഈ ‘സൗജന്യ’ പാക്കേജിൽ ഉൾപ്പെടുത്താമായിരുന്നു. കാരണം, പഠിച്ചിറങ്ങുന്നവന് ഇവിടെ എന്ത് ജോലിയാണ് നിങ്ങൾ കൊടുക്കുന്നത്?
പത്തുവർഷത്തെ പുരോഗതിയുടെ തുടർച്ചയാണത്രേ ഈ കാണുന്നത്. ശരിയാണ്, ആ പുരോഗതിയുടെ ഏറ്റവും വലിയ തെളിവ് നമ്മുടെ എയർപോർട്ടുകളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിലെ ക്യൂ ആണ്. ഡിഗ്രി കയ്യിൽ കിട്ടിയാൽ അന്ന് രാത്രി തന്നെ മസ്‌കറ്റിലേക്കോ ലണ്ടനിലേക്കോ പറക്കാൻ നിൽക്കുന്ന യുവാക്കളുടെ എണ്ണം കാണുമ്പോൾ അഭിമാനം കൊണ്ട് കണ്ണ് നിറയുന്നുണ്ട്. യുവാക്കൾക്ക് ജോലി കൊടുക്കും എന്ന് പറയുന്ന അതേ ആവേശത്തോടെ തന്നെയാണല്ലോ സ്ത്രീകളിൽ പകുതി പേർക്കും ജോലി ഉറപ്പാക്കും എന്ന് തള്ളുന്നത്. നിലവിൽ സർക്കാർ സർവീസിലുള്ളവർക്ക് ശമ്പളവും വിരമിച്ചവർക്ക് പെൻഷനും കൊടുക്കാൻ ഗതിയില്ലാതെ, കേന്ദ്രത്തെ കുറ്റം പറഞ്ഞ് കടമെടുക്കാൻ സുപ്രീം കോടതി വരെ പോകുന്നവരാണ് ഈ 3000 രൂപ പെൻഷൻ പ്രഖ്യാപിക്കുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ ജനം പൊട്ടന്മാരാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അതോ ജനത്തിന്റെ ഓർമ്മശക്തിയിൽ അത്ര വലിയ വിശ്വാസമാണോ നിങ്ങൾക്ക്?
അടുത്തത് അതിവേഗ റെയിൽപാതയാണ്. വടക്ക് നിന്ന് തെക്കോട്ട് ഓടാൻ പാതയുണ്ടാക്കുന്നതിന് മുൻപ്, ഇവിടുത്തെ യുവാക്കൾ എന്തിനാണ് ഇത്ര വേഗത്തിൽ വിദേശത്തേക്ക് ഓടുന്നത് എന്ന് ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ നന്നായേനെ. കയ്യിലുള്ള കാശ് മുടക്കി കെ-റെയിലിന് കല്ലിട്ടവർക്ക് ഇപ്പോഴും ഒരു കുലുക്കവുമില്ല. സംരംഭം തുടങ്ങാൻ പലിശരഹിത വായ്പ തരാമെന്നാണ് മറ്റൊരു തമാശ. ഇവിടെ ഒരു പെട്ടിക്കട തുടങ്ങാൻ പോയാൽ ഒരു പ്രവാസിക്ക് കിട്ടുന്ന അനുമതിയും, പാർട്ടി ഓഫീസുകളിൽ നിന്ന് കിട്ടുന്ന ‘നോട്ടവും’ നൂലാമാലകളും കണ്ടാൽ ഏതൊരു സംരംഭകനും മടുത്തുപോകും. സംരംഭം തുടങ്ങാൻ വരുന്നവന് പുഴുക്കുത്ത് ഏൽക്കുന്ന അവസ്ഥയുള്ള നാട്ടിലാണ് പലിശരഹിത വായ്പയുടെ മധുരവാഗ്ദാനം.
സത്യം പറഞ്ഞാൽ, ഈ പ്രകടനപത്രിക ഒരു ആക്ഷേപഹാസ്യ പുസ്തകമായി വേണം പ്രകാശനം ചെയ്യാൻ. കാരണം, ഇതിൽ പറഞ്ഞിരിക്കുന്ന സ്വർഗ്ഗരാജ്യവും കേരളത്തിലെ ഇന്നത്തെ കടുത്ത യാഥാർത്ഥ്യവും തമ്മിൽ വല്ല ബന്ധവുമുണ്ടോ? ആർട്സ് കോളേജിൽ സൗജന്യ പഠനം തരാം എന്ന് പറയുമ്പോൾ, പിള്ളേർ ചിന്തിക്കുന്നത് ‘പഠിച്ചിട്ട് ഇവിടെ വെറുതെ ഇരിക്കുന്നതിലും നല്ലത് വല്ല ജർമ്മനിയോ കാനഡയോ നോക്കുന്നതാണ്’ എന്നാണ്. 950 നിർദ്ദേശങ്ങൾ ഉണ്ടത്രേ! ഇതിൽ ഒരു നിർദ്ദേശമെങ്കിലും ഉണ്ടോ, നമ്മുടെ സംസ്ഥാനം എങ്ങനെ ഈ കടക്കെണിയിൽ നിന്ന് രക്ഷപെടും എന്ന്? അതോ ഇനിയും പുതിയ പേരിൽ കടമെടുത്ത് ആഘോഷിക്കാനാണോ പരിപാടി? ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി ഉറപ്പാക്കുമെന്നും, 60,000 കുട്ടികൾക്ക് ഈ വർഷം തന്നെ തൊഴിൽ നൽകുമെന്നും പറയുന്നത് കേൾക്കുമ്പോൾ പഴയ ‘നവകേരള സദസ്സ്’ ഓർമ്മ വരികയാണ്. അന്ന് നൽകിയ പരാതികൾക്ക് എന്ത് സംഭവിച്ചു എന്ന് തിരക്കിയ ആർക്കും ഈ പുതിയ വാഗ്ദാനത്തിലും വലിയ പ്രതീക്ഷയുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *