യൂട്യൂബ് ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി യാലോ ?ഓസ്ട്രേലിയയിലാണ് സംഭവം.ബുധനാഴ്ചയാണ് കൗമാരക്കാര്‍ക്ക് വിലക്കുള്ള വെബ്സൈറ്റുകളുടെ പട്ടികയില്‍ യൂട്യൂബിനേയും ഉള്‍പ്പെടുത്തിയതായി ഓസ്ട്രേലിയ അറിയിച്ചത്. നേരത്തെ ഈ വിലക്കില്‍ നിന്ന് യൂട്യൂബിന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഒരു സര്‍വേയില്‍ യൂട്യൂബില്‍ 37 ശതമാനം ദോഷകരമായ ഉള്ളടക്കങ്ങളാണെന്ന് പ്രായപൂര്‍ത്തിയാകാത്ത ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തത് ചൂണ്ടിക്കാട്ടി യൂട്യൂബിനുള്ള ഇളവ് ഒഴിവാക്കാന്‍ ഓസ്ട്രേലിയന്‍ കമ്മ്യൂണിക്കേന്‍സ് ആന്റ് മീഡിയാ അതോറിറ്റി ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പറഞ്ഞു. ഡിസംബറിലാണ് വിലക്ക് നിലവില്‍വരിക.
ഓസ്ട്രേലിയയിലെ 13 മുതല്‍ 15 വയസുവരെ പ്രായമുള്ള ഉപഭോക്താക്കളില്‍ മുക്കാല്‍ ഭാഗവും തങ്ങളുടെ ഉപഭോക്താക്കളാണെന്ന് യൂട്യൂബ് പറയുന്നു. വീഡിയോകള്‍ പങ്കുവെക്കുന്നതാണ് തങ്ങളുടെ പ്രധാന പ്രവര്‍ത്തനമെന്നും കൂടുതലും ടിവി സ്ക്രീനുകളിലാണ് കാണുന്നതെന്നും ഇത് സോഷ്യല്‍ മീഡിയ അല്ലെന്നും ആ വിഭാഗത്തില്‍ ഉള്‍പെടുത്തരുതെന്നും കമ്പനി ആവശ്യപ്പെടുന്നു.
അധ്യാപകര്‍ക്കിടയില്‍ യൂട്യൂബിനുള്ള പ്രചാരം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം യൂട്യൂബിന് ഇളവ് നല്‍കിയതിനെതിരെ നിരോധനത്തിന്റെ പരിധിയില്‍ വരുന്ന ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്ക് പ്ലാറ്റ്ഫോമുകള് പരാതിപ്പെട്ടിരുന്നു. തങ്ങളുടെ ഉത്പന്നങ്ങളുമായി വലിയ സാമ്യതകള്‍ യൂട്യൂബിനുണ്ട്. ഉപഭോക്താക്കള്‍ക്ക് ആശയവിനിമയം നടത്താനും ആക്ടിവിറ്റി അടിസ്ഥാനമാക്കിയുള്ള അല്‍ഗൊരിതത്തിലൂടെ ഉള്ളടക്കങ്ങള്‍ റെക്കമെന്റ് ചെയ്യാനുമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പുതിയ വിലക്കനുസരിച്ച് 16 വയസില്‍ താഴെയുള്ളവര്‍ യൂട്യൂബ് കാണുന്നതിന് നിയമപരമായ വിലക്കുവരും. എന്നാല്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും യൂട്യൂബ് വീഡിയോകള്‍ കൗമാരക്കാരെ കാണിക്കാനുള്ള അനുവാദം ലഭിക്കും.