”മാറാത്തത് ഇനി മാറും” എന്ന ബിജെപി വിശ്വാസത്തിന് അടിവരയിടുന്ന രാഷ്ട്രീയ ഗണിതവും പ്രവണതകളും ഒന്നാം ഭാഗത്തില്‍ പരിശോധിച്ചു. സംഗ്രഹം വ്യക്തമാണ്: സമൂഹത്തിന്റെ അടിത്തട്ടില്‍ രൂപപ്പെടുന്ന പുതിയ സാമൂഹ്യ ചായ്വുകള് കേരളത്തിലെ പരമ്പരാഗത മുന്നണി രാഷ്ട്രീയത്തെ പുനര്നിര്മിതിയിലേക്കു നീക്കുന്നു.എന്നാല്‍ പാര്‍ട്ടികളുടെ പുനക്രമീകരണം കൊണ്ടുമാത്രം രാഷ്ട്രീയ പുനര്‍നിര്‍മിതി പൂര്‍ണ്ണമാകില്ല. അതിന്റെ യഥാര്‍ത്ഥ ഊര്‍ജ്ജം ജനങ്ങളുടെ ഭരണാനുഭവങ്ങളിലാണ്. വികസനം, സുരക്ഷ, വിശ്വാസം – ഇവ പ്രഖ്യാപനങ്ങളല്ല; ദിനാനുഭവങ്ങളായി മാറുമ്പോഴാണ് ഒരു രാഷ്ട്രീയ സമൂഹം ദീര്‍ഘകാല സ്ഥിരത നേടുന്നത്. അതുകൊണ്ടുതന്നെ ‘വികസിത, സുരക്ഷിത, വിശ്വാസ കേരളം” എന്ന ത്രികോണ അജണ്ട ഇന്ന് നിര്‍ണായക പ്രസക്തി നേടുന്നു.ഒരു ഭാഗത്ത് പാതാ നിര്‍മാണം പുരോഗമിക്കുമ്പോള്‍, മറുഭാഗത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വികസിപ്പിക്കപ്പെടുമ്പോഴും, വിദ്യാര്‍ത്ഥികള്‍ കൂട്ടമായി സംസ്ഥാനത്തിന് പുറത്തേക്ക് അവസരങ്ങള്‍ തേടിപ്പോകുന്നു. വികസനം നടക്കുന്നു എന്ന അവകാശവാദവും അതിന്റെ സാമൂഹ്യഫലവും തമ്മിലുള്ള ഈ അന്തരങ്ങളാണ് പുതിയ രാഷ്ട്രീയ ചര്‍ച്ചയുടെ കേന്ദ്രബിന്ദു.കേരള കുടിയേറ്റ സര്‍വ്വേ 2023 പ്രകാരം, 2018-ല്‍ ഏകദേശം 1.3 ലക്ഷമായിരുന്ന വിദ്യാഭ്യാസ കുടിയേറ്റം 2023-ല്‍ 2.5 ലക്ഷമായി ഉയര്‍ന്നു. ഇവരില്‍ 63 ശതമാനം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് മെച്ചപ്പെട്ട വിദ്യാഭ്യാസാവസരങ്ങള്‍ തേടി പോയത്. ഇതിന്റെ ഫലമായി തൊഴില്‍, വരുമാനം, സാമൂഹ്യബന്ധങ്ങള്‍ – ഈ മൂന്ന് മേഖലകളിലുണ്ടാകുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ നിസ്സാരമല്ല. നിര്‍ണായക ഇടപെടലുകള്‍ ഇല്ലെങ്കില്‍, അടുത്ത പതിനഞ്ചു വര്‍ഷത്തേക്കും ഈ പ്രവണത തുടരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
വികസനം, സുരക്ഷ, വിശ്വാസം: പുതിയ കേരളത്തിനായി പുതിയ രാഷ്ട്രീയം
