കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. കളിക്കുന്നതിനിടെ ചെരുപ്പ് ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു.ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴാണ് ഷോക്കേറ്റത്.
അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂൾ അധികൃതർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടു ബിജെപി യും യൂത്ത് കോൺഗ്രസ്സും ആർ എസ് പിയുംപ്രധാനാധ്യാപികയുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റ് മറുപടി പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അപകടത്തിൽ മാനേജ്മെന്റിന് അനാസ്ഥയുണ്ടെന്നും നിരന്തരം നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതർ കാര്യമാക്കിയില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
എന്നാൽ കെഎസ്ഇബിയും സ്‌കൂള്‍ അധികൃതരും പരസ്പ്പരം പഴിചാരുകയാണ്. സ്‌കൂള്‍ മൈതാനത്തിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോടു ചേര്‍ന്ന് തകരഷീറ്റില്‍ സൈക്കിള്‍ ഷെഡ് നിര്‍മിച്ചതാണ് അപകടത്തിലേക്കു നയിച്ചതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.