
അമേരിക്കൻ എ.ഐ ഭീമൻമാരായ ഓപ്പൺ എ.ഐയും അന്ത്രോപിക്കും തങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ വീണ്ടുമൊരു ചൈനീസ് കമ്പനി, മാനസ് (Manus) വാർത്തകളിൽ ഇടം നേടുന്നു. ചൈനീസ് എ.ഐ കമ്പനി ഡീപ്സീക്ക്, ഓപ്പൺ എ.ഐയെ ഞെട്ടിച്ചപോലെ ഈ അമേരിക്കൻ കമ്പനികളുടെ അടുത്ത ഘട്ട പദ്ധതികളെ മാനസ് ജനറൽ എ.ഐ ഏജന്റ് മറിച്ചിടുമോ എന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. ഇതിന്റെ പ്രകടനം മികച്ചതാണെന്ന് ഇപ്പോൾതന്നെ അഭിപ്രായമുയർന്നിട്ടുണ്ട്. ചൈനീസ് സ്റ്റാർട്ടപ്പായ മോനിക്ക പുറത്തിറക്കിയ മാനസ്, മനസ്സും പ്രവൃത്തിയും തമ്മിലുള്ള വിടവ് നികത്തുമെന്നും ചിന്തിക്കുക മാത്രമല്ല, അതിന്റെ ഫലവും കൂടി നൽകുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. ചിന്തിച്ചും ആസൂത്രണം ചെയ്തും റിയൽ വേൾഡ് ടാസ്കുകൾ ചെയ്യാൻ മാനസിന് നല്ല മികവുണ്ടെന്നും അവർ പറയുന്നു. വെബ്സൈറ്റ് നിർമാണം മുതൽ യാത്ര ആസൂത്രണം ചെയ്യാനും ഓഹരി അവലോകനം നടത്താനുമെല്ലാം മാനസിന് കഴിയുമെന്നാണ് വിലയിരുത്തൽ.