ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിൽ സ്വർണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷെഡ്പൂരിലെ ലാബിൽ നടത്തുമെന്ന് എസ്ഐടി കോടതിയെ അറിയിക്കും. സ്വർണക്കൊളള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന്‍റെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് പിടിവള്ളിയാക്കിക്കൊണ്ടാണ് പത്മകുമാർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്.
ശ്രീകോവിലിലെ സ്വർണ്ണപാളികളുടെ സാമ്പിളുകൾ എവിടെ പരിശോധിക്കും എന്ന കാര്യത്തിൽ എസ്ഐടി ഇന്ന് കോടതിയെ നിലപാട് അറിയിക്കും. ജംഷെഡ്പൂരിലെ ലാബിൽ പരിശോധിക്കാനാണ് എസ് ഐ ടി തീരുമാനം. ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ആണ് വിഷയം പരിഗണിക്കുന്നത്. കൊടിമര പുന:പ്രതിഷ്ഠയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച കാര്യം വിജിലൻസും അറിയിക്കും. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം. കൊടിമര നിർമ്മാണത്തിന് ഉപയോഗിച്ച സ്വർണത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം, എ പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിൽ 90 ദിവസം റിമാൻഡ് പൂർത്തിയായതോടെയാണ് പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. സ്വാഭാവിക ജാമ്യം ലഭിച്ചാലും പത്മകുമാറിന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലക ശിൽപ കേസിൽ ജയിലിൽ തുടരും. ദ്വാരപാലകയിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യ നീക്കം നടത്തും. ഇതുവരെ പുറത്തിറങ്ങിയ 6 പ്രതികളിൽ 4 പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും ഈ മാസം 23ന് പരിഗണിക്കുന്നുണ്ട്. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസിന്റെ ജാമ്യനീക്കം.
