സമരാനുകൂലികളുടെ ആക്രമണം ഭയന്ന് ഹെല്‍മെറ്റ്‌ ധരിച്ച്‌ വാഹനമോടിച്ച്‌ കെഎസ്‌ആർടിസി ഡ്രൈവർ

ഹെല്‍മെറ്റ്‌ ധരിച്ച്‌ വാഹനമോടിച്ച കെഎസ്‌ആർടിസി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറൽ.പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തിനു സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെല്‍മെറ്റ്‌ ധരിച്ചു വണ്ടി ഓടിച്ചത്.സമരാനുകൂലികളുടെ ആക്രമണം ഭയന്നാണ് ഹെല്‍മറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്. എന്നാൽ ഈ ബസ് അടൂരില്‍ സമരാനുകൂലികള്‍ തടഞ്ഞു. അതേസമയം പണിമുടക്കിനെ പിന്തുണച്ച്‌ കെഎസ്‌ആർടിസി അടക്കം സർവീസ് നടത്താതിരുന്നതോടെ യാത്രക്കാർ പെരുവഴിയിലായി. എറണാകുളത്ത് കെഎസ്‌ആർടിസി ഡിപ്പോയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു.

പൊലീസ് സംരക്ഷണമില്ലാത്തതിനാല്‍ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കില്‍ സർവീസ് നടത്താമെന്നും ജീവനക്കാർ അറിയിച്ചു.മലപ്പുറം ബസ് സ്റ്റാൻഡില്‍ നിന്ന് പുറപ്പെട്ട എറണാകുളം ബസ് ആണ് സിഐടിയുവിന്‍റെ നേതൃത്വത്തില്‍ തടഞ്ഞു. പിന്നീട് പൊലീസ് എത്തി സമരക്കാരെ നീക്കി ബസ് വിട്ടു. തൃശ്ശൂരിലും കൊച്ചിയിലുമടക്കം സർവീസ് നടത്താൻ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്‌ആർടിസി ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു. പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കില്‍ സർവീസ് നടത്താമെന്ന നിലപാടിലാണ് ബിഎംഎസ് അനുകൂല ജീവനക്കാർ.

Leave a Reply

Your email address will not be published. Required fields are marked *