തദ്ദേശ തെരഞ്ഞെടുപ്പില്‍ പലസ്ഥലത്തും സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ച് നിന്നിട്ടും ബിജെപിയെ പരാജയപ്പെടുത്താനായില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മൂവായിരത്തോളം വാര്‍ഡുകളില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം വോട്ട് മറിച്ചു. പന്തളം മുനിസിപ്പാലിറ്റിയില്‍ ഒന്നിച്ച് നിന്ന് വോട്ട് കൈമാറി. കാസര്‍കോട് ചില സ്ഥലത്ത് സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. അതിനെയും അതിജീവിച്ചാണ് ബിജെപി മികച്ച വിജയം നേടിയത് 2020-മായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ ജില്ലകളിലും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചെന്ന് ജില്ലാ പ്രസിഡന്റുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതായി എം.ടി. രമേശ് പറഞ്ഞു. 41 പഞ്ചായത്തുകളില്‍ ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമോ അല്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയോ ആകാന്‍ സാധിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭയിലും പാലക്കാട് നഗരസഭയിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്‍ഡിഎയാണ്. ആ നഗരസഭകളുടെ ഭരണത്തിന് നേതൃത്വം നല്‍കേണ്ടത് ദേശീയ ജനാധിപത്യ സഖ്യമാണെന്നതാണ് ജനവിധി.
സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചിട്ടും ബിജെപിയെ പരാജയപ്പെടുത്താനായില്ല: എം.ടി. രമേശ്.
