
നിർമ്മിത ബുദ്ധിയുടെ കാലത്ത് സ്ത്രീകളുടെ സുരക്ഷയിൽ കരുത്തേകാൻ ചില എ.ഐ ഡിവൈസുകളെ പരിചയപ്പെടാം
സേഫ്റ്റിപിൻ
പൊതു ഇടങ്ങളിൽ സുരക്ഷിതമായ വഴികളും ഇടങ്ങളും സംബന്ധിച്ച് അപ്പപ്പോൾ വിവരങ്ങൾ നൽകാൻ കഴിവുള്ള ആപ്പാണിത്. വെളിച്ചം, ആൾക്കൂട്ട സാന്നിധ്യം തുടങ്ങിയവ എ.ഐ വഴി വിശകലനം ചെയ്താണ് വിവരങ്ങൾ നൽകുക. കൂടാതെ, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുമായും ഇത് യോജിച്ച് പ്രവർത്തിക്കും.
ലെയ്ഖ
ആയുർവേദ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ വനിതകളുടെ ഹോർമോണൽ ആരോഗ്യവുമായി ബന്ധപ്പെട്ട മാറ്റങ്ങളും പ്രത്യേകതകളും മനസ്സിലാക്കാൻ ഈ എ.ഐ അധിഷ്ഠിത വെൽനെസ് ആപ് സഹായിക്കുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി.സി.ഒ.എസ്), തൈറോയ്ഡ് വ്യതിയാനം, മറ്റു ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവ ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനും ലെയ്ഖ ആപ് സഹായിക്കും. ആർത്തവചക്രം അടിസ്ഥാനമാക്കിയുള്ള ഭക്ഷണ ക്രമീകരണം, വ്യായാമം തുടങ്ങിയവ ആസൂത്രണം ചെയ്യാനും ഇത് സഹായിക്കും.
ഇ-വാച്ച് എസ്.ഓ.എസ്
ഒറ്റ ടാപ്പിൽ ഉറ്റവർക്ക് അടിയന്തര സന്ദേശം നൽകാൻ ഈ ആപ് വഴി സാധിക്കുന്നു. ലൊക്കേഷൻ, ഓഡിയോ-വിഡിയോ റെക്കോഡിങ് തുടങ്ങിയവയും സാധിക്കും. പരിചയമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ പ്രദേശങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ ഇന്റർനെറ്റ് ഇല്ലാതെയും ഈ ആപ് പ്രവർത്തിക്കും.
സൗണ്ട് ഗ്രനേഡ്/ഇ-അലാം
അപകടമുനമ്പിൽ ഈ സുരക്ഷ ഉപകരണം ഓൺ ചെയ്താൽ 1200dB ശബ്ദം പുറപ്പെടുവിച്ച് അകലെ ഉള്ളവരുടെ വരെ ശ്രദ്ധ പിടിച്ചുപറ്റാനും അതുവഴി രക്ഷപ്പെടാനും സഹായിക്കും. 100 മീറ്റർ അകലെ വരെ ഉള്ള അപായ മുന്നറിയിപ്പ് നൽകുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം. 20 ഗ്രാം മാത്രം ഭാരമുള്ള ഈ ഡിവൈസ് ഒരു കീചെയിൻ ആയി കൊണ്ടുനടക്കാം.
ഗാബിറ്റ് സ്മാർട്ട് റിങ്
ഒരു ബട്ടൺ അമർത്തിയാൽ, സെറ്റ് ചെയ്തുവെച്ച നമ്പറുകളിലേക്ക് അപായ മുന്നറിയിപ്പും ലൊക്കേഷനും ഷെയർ ചെയ്യുന്ന ഡിവൈസാണിത്. കൂടാതെ, വിവിധ ആരോഗ്യ സൂചകങ്ങളായ ഹൃദയമിടിപ്പ്, ഓക്സിജൻ നില, ആർത്തവചക്രം, സ്ട്രെസ് ലെവൽ തുടങ്ങിയവയും നിരീക്ഷിക്കും.