ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇറാൻ ഫീസ് ഈടാക്കുമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ. നിലവിൽ ആഗോള കപ്പൽ ഗതാഗതത്തിന് ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലാണ് ഈ നീക്കം. തങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധസാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ചൊവ്വാഴ്ച രാത്രി നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഘർഷത്തിൽ പങ്കാളികളല്ലാത്ത രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇറാനിയൻ അധികൃതരുമായി മുൻകൂട്ടി ഏകോപനം നടത്തിയ ശേഷം സുരക്ഷിതമായി കടന്നുപോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശത്രുതാപരമായ നിലപാടില്ലാത്ത കപ്പലുകൾക്ക് ഇറാൻ അധികൃതരുടെ അനുമതിയോടെ കടലിടുക്ക് കടക്കാമെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും കത്തെഴുതിയിട്ടുണ്ട്. ലോകത്തെ എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാതയിൽ മൂന്നാഴ്ചയായി കപ്പൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ചില കപ്പലുകൾക്ക് യാത്രാനുമതി നൽകുന്നതിന് ചൈനീസ് കറൻസിയായ ‘യുവാൻ’ പ്രതിഫലമായി വാങ്ങുന്ന കാര്യം ടെഹ്റാൻ പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സുരക്ഷിതമായ യാത്രയ്ക്കായി രണ്ട് കപ്പലുകൾ ഇതിനോടകം വൻതുക കൈമാറിയതായും ഇതിൽ ഒന്നിന് ഏകദേശം 20 ലക്ഷം ഡോളറോളം ചിലവായതായും ലോയ്ഡ്സ് ലിസ്റ്റ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്ക പതിറ്റാണ്ടുകളായി തങ്ങളുടെ കറൻസിയെ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് എതിരെ ആയുധമാക്കുകയാണെന്നും മറ്റു രാജ്യങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തി സമ്മർദ്ദം ചെലുത്തുകയാണെന്നും ബഗായ് കുറ്റപ്പെടുത്തി. എന്നാൽ ഇറാന്റെ ഈ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് ഫലത്തിൽ അടച്ചുപൂട്ടുന്നത് എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള സാമ്പത്തിക ഭീകരതയാണെന്ന് യുഎഇയിലെ ഊർജ്ജ ഭീമനായ അഡ്നോക്കിന്റെ മേധാവി സുൽത്താൻ അഹമ്മദ് അൽ ജാബർ പ്രതികരിച്ചു. അന്താരാഷ്ട്ര വ്യാപാരത്തെയും ആഗോള സാമ്പത്തിക സുസ്ഥിരതയെയും ഇറാന്റെ ഈ നിലപാട് സാരമായി ബാധിക്കുമെന്നാണ് ഭൗമരാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
