പാരച്യൂട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷണപാക്കറ്റ് തലയിൽ വീണ് 15 കാരന് ദാരുണാന്ത്യം

ഗാസയിൽ നിന്നും മറ്റൊരു ദുഃഖകരമായ വാർത്തയാണ് പുറത്തു വരുന്നത്. പാരച്യൂട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷണപാക്കറ്റ് തലയിൽ വീണ് 15 വയസുകാരന് ദാരുണാന്ത്യം. മധ്യ ഗാസയിലെ നസ്രത്തിലെ മുഹമ്മദ് ഈദ് എന്ന കുട്ടിയാണ് മരിച്ചത്. വിമാനത്തിൽ നിന്നു സഹായ പാക്കറ്റുകൾ താഴേക്കിടുമ്പോൾ അത് എടുക്കാൻ മുഹമ്മദ് ഈദ് ഓടിച്ചെല്ലുകയായിരുന്നുവെന്ന് സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു മുൻപും ഇത്തരം മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. അതേസമയം ഇസ്രയേൽ ഉപരോധത്തെത്തുടർന്ന് ഗാസയിൽ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 98 കുട്ടികളുൾപ്പെടെ 212 ആയി.

ഇന്നലെ മാത്രം 11 പേരാണ് മരണത്തിനു കീഴടങ്ങിയത്. അതേസമയം ഭക്ഷണവിതരണ കേന്ദ്രത്തിൽ കാത്തുനിന്ന 21 പേർ അടക്കം 39 പേർ ഇന്നലെ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 491 പേർക്കു പരുക്കേറ്റു. സഹായസാമഗ്രികളുമായി എത്തിയ യുഎൻ വാഹനവ്യൂഹം ഗാസയിലേക്കു കടക്കുന്നതിനിടെ, ജനക്കൂട്ടത്തിനു നേരെ ഇസ്രയേൽ സൈനികർ നടത്തിയ വെടിവയ്പിൽ 6 പേരും കൊല്ലപ്പെട്ടു. 2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 61,369 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *