ശബരിമല സ്വർണക്കൊള്ളയിൽ ദുരൂഹത വർദ്ധിപ്പിച്ച് വിദേശ വ്യവസായിയുടെ മൊഴി. ശബരിമലയിൽ നിന്നും സ്വർണത്തിന് പുറമേ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നാണ് വ്യവസായിയുടെ വെളിപ്പെടുത്തൽ. രാജ്യാന്തര പുരാവസ്തു മാഫിയയാണ് വിഗ്രഹം കടത്തി കൊണ്ടുപോയതെന്നും സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഇടനിലക്കാരനെന്നും വ്യവസായി എസ്ഐടിക്ക് മൊഴി നൽകിയിരിക്കുന്നത്.2019-20 കാലത്താണ് വിഗ്രഹങ്ങൾ കടത്തിയത്. വിഗ്രഹങ്ങൾ വാങ്ങിയത് ‘ഡി മണി’ എന്നറിയപ്പെടുന്ന രാജ്യാന്തര പുരാവസ്തു മാഫിയ തലവനാണ്. ചെന്നൈ സ്വദേശിണ് ഇയാൾ. ഡി മണിക്ക് ദുബായ് മണി, ദാവൂദ് മണി എന്നി വിളിപ്പേരുകളുണ്ട്.
2020 ഒക്ടോബർ 26 ന് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പണം കൈമാറിയത്. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ നിന്നാണ് പണവുമായി വാഹനം എത്തിയത്. ഡി മണി വിമാന മാർഗമാണ് തിരുവനന്തപുരത്ത് എത്തിയത്. ഈ സമയത്ത് ശബരിമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉന്നതനും ഹോട്ടലിൽ ഉണ്ടായിരുന്നു. ഈ ഉന്നതന്റെ പേരും വ്യവസായിയുടെ മൊഴിയിലുണ്ട്. വിദേശ വ്യവസായിയുടെ മൊഴി എസ്ഐടി വിശദമായി അന്വേഷിക്കും. സന്നിധാനത്ത് നിന്നും പഞ്ചലോഹ വിഗ്രഹങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യമാണ് ആദ്യം പരിശോധിക്കുക. പിന്നീടായിരിക്കും ഡി മണിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുക.
