എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചു. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിൽ മുഹമ്മദാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയായ മനു സുഭാഷാണ് വെടിയേറ്റു മരിച്ചത്. മനുവിനെപ്പറ്റി വിവരങ്ങൾ കൈമാറുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പൊലീസ്, ഇയാൾക്കായി ഒന്നിലധികം സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തി വരികയായിരുന്നു. ജൂലൈ 11 ന് രാവിലെയാണ് ഭോഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദേവിപുർ ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കർഷകന്റെ മകളായ കുട്ടി ജൂലൈ 3നാണ് മുഹമ്മദാബാദ് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള തന്റെ അമ്മയുടെ വസതിയിലെത്തിയത്.
അന്നേദിവസം ബന്ധുവായ കുട്ടിക്കൊപ്പം തോട്ടത്തിൽ മാമ്പഴം ശേഖരിക്കാനായി പോയതിനു പിന്നാലെയാണ് കാണാതായത്.പെൺകുട്ടിക്കു വേണ്ടിയുള്ള കുടുംബത്തിന്റെ തിരച്ചിൽ പരാജയപ്പെട്ടതോടെ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് ദേവിപുർ ഗ്രാമത്തിലെ വയലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ശേഖരിച്ച ദൃശ്യങ്ങളിൽ ഏകദേശം 50 വയസ്സുള്ള ഒരാൾ പെൺകുട്ടിയെ പിന്തുടരുന്നതായി കണ്ടെത്തി. ക്ഷേത്ര പരിസരത്ത് ഒഴിഞ്ഞ കുപ്പികൾ സ്ഥിരമായി ശേഖരിച്ചിരുന്ന ആളായ മനുവായിരുന്നു ഇത്. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏറ്റുമുട്ടൽ നടക്കുകയും പ്രതി കൊല്ലപ്പെടുകയും ചെയ്തത്.