വിനീത വധക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി ; പ്രതിയുടെ മാനസിക നില പരിശോധനാ റിപ്പോർട്ട് തേടി

തിരുവനന്തപുരം: അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. സ്വർണ മാല തട്ടിയെടുക്കാനായിയാണ് വിനീതയെ തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ വധിച്ചതെന്നാണ് കണ്ടെത്തൽ. കേസിൽ കോടതി അന്തിമവിധി പ്ര‌സ്താവിച്ചിട്ടില്ല. ഈ മാസം 21 ന് കേസ് വീണ്ടും പരിഗണിക്കും. കേസിനോടനുബന്ധിച്ച് പ്രതിയുടെ മാനസിക നില പരിശോധിക്കാനുള്ള റിപ്പോർട്ട് അടക്കം ഏഴ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

2022 ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.അമ്പലമുക്ക് കുറവൻകോണം റോഡിലെ അലങ്കാര ചെടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന വിനീതയുടെ നാലര പവന്റെ സ്വർണമാല കൈക്കലാക്കുവാൻ ചെടി വാങ്ങാനെന്ന വ്യാജേനയെത്തിയ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മാലയുമായി കടന്നുകളഞ്ഞ പ്രതിയെ 2022 ഫെബ്രുവരി 11 ന് തിരുനൽവേലിക്ക് സമീപമുള്ള കാവൽ കിണറിൽ നിന്നുമാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

തമിഴ്നാട്ടിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രൻ പേരൂർക്കടയിലെ ചായക്കടയില്‍ ജോലി ചെയ്യുമ്പോഴാണ് വിനീതയെ കൊലപ്പെടുത്തിയത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സൈബർ ഫോറൻസിക് തെളിവുകളും, സാഹചര്യ തെളിവുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കേസിൽ 96 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡി.വി.ഡി ഉൾപ്പടെ 68 ലക്ഷ്യം വകകളും 222 രേഖകളും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *