ബ്ലെന്‍ഡ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനി മുതൽ ഇന്‍സ്റ്റഗ്രാം ഡയറക്ട് മെസേജില്‍ റീല്‍സയച്ച് പാടുപെടേണ്ട കാര്യമില്ല. നിങ്ങള്‍ക്കും എതെങ്കിലും ഒരു സുഹൃത്തിനും മാത്രമായോ നിങ്ങള്‍ക്കോ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കും മാത്രമായോ പ്രത്യേകം റീല്‍സ് ഫീഡ് പങ്കിടാൻ ഈ ഫീച്ചര്‍ വഴി സാധിക്കും. ക്ഷണം അനുസരിച്ച് മാത്രമെ ബ്ലെന്‍ഡ് ഉപയോഗിക്കാനാവൂ. ഇതുവഴി ഓരോ ദിവസവും നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഇഷ്ടമാകുന്ന റീലുകള്‍ ബ്ലെന്‍ഡില്‍ കാണാം.
എങ്ങനെ ഇന്‍സ്റ്റഗ്രാം ബ്ലെന്‍ഡ് ഉപയോഗിക്കാം?
സുഹൃത്തുക്കള്‍ തമ്മിലുള്ള ഇന്‍സ്റ്റാഗ്രാം റീല്‍സ് പങ്കുവെക്കല്‍ കുടുതല്‍ രസകരമാക്കാൻ വേണ്ടിയാണ് ബ്ലെന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി ഏതെങ്കിലും ഡയറക്ട് മെസേജ് ചാറ്റ് തുറക്കുക. എന്നിട്ട് മുകളിലായി കാണുന്ന പുതിയ ബ്ലെന്‍ഡ് ഐക്കണില്‍ ടാപ്പ് ചെയ്യുക. ശേഷം ഇന്‍വൈറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആളുകളെ ബ്ലെന്‍ഡിലേക്ക് ക്ഷണിക്കാം. ഈ ക്ഷണം ആരെങ്കിലും ആക്‌സപ്റ്റ് ചെയ്താല്‍ ബ്ലെന്‍ഡ് ആക്ടിവേറ്റാവും.ഇതിന് ശേഷം ചാറ്റിലുള്ള എല്ലാവരുടേയും താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള വിവിധ റീലുകള്‍ ഫീഡില്‍ കാണാനാവും.
കൂട്ടത്തില്‍ ആരെങ്കിലും ഏതെങ്കിലും റീലിനോട് പ്രതികരിച്ചാല്‍ നിങ്ങള്‍ക്ക് അതിന്റെ നോട്ടിഫിക്കേഷന്‍ വരും. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അതുമായി ബന്ധപ്പെട്ട ആശയവിനിമയം തുടരാനും കഴിയും. അതെസമയം എപ്പോള്‍ വേണമെങ്കിലും ബ്ലെന്‍ഡില്‍ നിന്ന് പുറത്തുകടക്കാനുമാവും.
