ചിത്രത്തിന്റെ വീഡിയോ സോങ് വേഗം റിലീസ് ചെയ്യൂ എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണങ്ങളാണ് ട്രെയ്‌ലറിനും പാട്ടുകൾക്കും ലഭിക്കുന്നത്. ഇപ്പോഴിതാ ഓഡിയോ ജ്യൂക്ക്ബോക്സ് പുറത്തുവന്നതിന് പിന്നാലെ ചർച്ചയാകുകയാണ് നടൻ സൂര്യ പാടിയ ഒരു ഗാനം.
സന്തോഷ് നാരായണൻ ഈണം നൽകിയ ‘ലവ് ഡിറ്റോക്സ്’ എന്ന ഗാനം ആണ് സിനിമയിൽ സൂര്യ ആലപിച്ചിരിക്കുന്നത്. പുണ്യ സെൽവയാണ് സൂര്യയ്‌ക്കൊപ്പം ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രിയ ശരണും സൂര്യയും ഒപ്പമുള്ള ഒരു പാർട്ടി ഡാൻസ് നമ്പറായിട്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ വീഡിയോ സോങ് വേഗം റിലീസ് ചെയ്യൂ എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. സൂര്യ ആലപിക്കുന്ന അഞ്ചാമത്തെ ഗാനമാണിത്. നേരത്തെ അഞ്ചാൻ, പാർട്ടി, സൂരരൈ പോട്ട്രൂ, ആകാശം നീ ഹദ്ദു രാ എന്നീ സിനിമകളിലാണ് സൂര്യ പാടിയിട്ടുള്ളത്.
കിടിലൻ ആക്ഷൻ രംഗങ്ങളും കോമഡിയും തകർപ്പൻ മ്യൂസിക്കുമായി ആരാധകരെ സംതൃപ്തിപ്പെടുത്തുന്നതാണ് റെട്രോയുടെ ട്രെയ്ലർ. ട്രെയ്ലറിലെ മലയാളി സാനിധ്യം കേരളത്തിലെ ആരാധകരും സിനിമയെ ആഘോഷിക്കുന്നതിന് കാരണമായിട്ടുണ്ട്. ജോജു ജോർജുവിന്റെയും ജയറാമിന്റെയും പ്രകടനങ്ങൾക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ജയറാം ഫൺ മൂഡിലാണെങ്കിൽ ജോജു കട്ട കലിപ്പിലാണ്. സ്വാസികയും സുജിത് ശങ്കറും സിനിമയുടെ ഭാഗമാണ്. മലയാളികളുടെ പ്രിയപ്പെട്ട അൽഫോൻസ് പുത്രൻ ആണ് റെട്രോയുടെ ട്രെയ്ലർ എഡിറ്റ് ചെയ്തിരിക്കുന്നത്. മേയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റെട്രോ റിലീസ് ചെയ്യും.