ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മോദിയുടെ പ്രതികരണം. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ഒരു പൊതുവേദിയിലെത്തുന്നത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാജ്ഞലി അര്‍പ്പിച്ചു. പൊതുപരിപാടിയില്‍ മൗനം ആചരിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ഇന്ന്, ബിഹാറിന്റെ മണ്ണില്‍ നിന്ന്, ഞാന്‍ മുഴുവന്‍ ലോകത്തോടും പറയുന്നു, ഇന്ത്യ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും, കണ്ടെത്തുകയും, ശിക്ഷിക്കുകയും ചെയ്യും. ഭീകരതയ്ക്ക് ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാനാവില്ല. ഭീകരത ശിക്ഷിക്കപ്പെടാതെ പോകില്ല’ – അദ്ദേഹം പറഞ്ഞു. നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയെ പിന്തുണച്ച ലോകരാജ്യങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.