അമിതമായി മദ്യപിച്ചും പുകവലിച്ചും എന്നാൽ വ്യായാമം ഒഴിവാക്കി ജീവിതം ‘ആസ്വദിക്കുന്നവരാണോ’ നിങ്ങൾ. 20-കളിലും 30-കളിലും ഇതേ ശീലം പിന്തുടർന്നാലും അതിന് ശേഷമുള്ള ജീവിതം സുഗമമായിരിക്കുമെന്നാണ് വിചാരിക്കുന്നതെങ്കിൽ അത് തെറ്റാണ്. ഇത്തരം ശീലങ്ങൾ 40-കളിൽ എത്തുന്നതിന് മുമ്പേ ശരീരത്തേയും മനസ്സിനേയും ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ പഠനം.
1959-ൽ ഫീനിഷ് നഗരമായ യവസ്കെലയിൽ ജനിച്ച നൂറുകണക്കിന് ആളുകളെ പഠിച്ചതിന് ശേഷമാണ് ഗവേഷകർ ഈ പഠനം പൂർത്തിയാക്കിയത്. കുട്ടിക്കാലം മുതൽ 60 വയസ്സുവരെയുള്ള ഇവരുടെ ജീവിതത്തെക്കുറിച്ച് ഗവേഷകർ മനസ്സിലാക്കി. അമിതമായി മദ്യപിക്കുകയും, പുകവലിക്കുകയും, അപൂർവ്വമായി മാത്രം വ്യായാമം ചെയ്യുകയും ചെയ്യുന്ന ആളുകൾക്ക് 36 വയസ്സാകുമ്പോഴേക്കും ആരോഗ്യം നഷ്ടമാകുന്നതായാണ് ഗവേഷകർ കണ്ടെത്തിയത്. ശാരീരികമായ പ്രശ്നങ്ങൾക്ക് പുറമെ മാനസികാരോഗ്യവും ഇവരുടേത് വഷളാകുന്നുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.27 വയസ്സുള്ള 326 പേരെ ഉൾപ്പെടുത്തിയാണ് ഗവേഷകർ പഠനം തുടങ്ങിയത്.
തുടർന്ന്, 36, 42, 50, 61 എന്നീ വയസ്സുകളിൽ ഇവരിൽ പലരേയും വീണ്ടും വിലയിരുത്തി. വിഷാദം, രക്തസമ്മർദ്ദം, മാനസികാരോഗ്യം, കൊളസ്ട്രോൾ തുടങ്ങിയവ ഉൾപ്പെടുത്തിയായിരുന്നു ഇവരുടെ ആരോഗ്യനില പരിശോധിച്ചത്. പഠനത്തിന്റെ ഭാഗമായവരിൽ അമിതമായ മദ്യപാനം, പുകവലി, വ്യായാമമില്ലായ്മ തുടങ്ങിയ ശീലങ്ങളുണ്ടായിരുന്നവരുടെ ആരോഗ്യാവസ്ഥ മോശമായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വിഷാദത്തിന്റെ ലക്ഷണം, പ്രമേഹം, എന്നിവയ്ക്കുള്ള സാധ്യതയും ഇവരിൽ ഏറെയായി കാണപ്പെട്ടു.