‘തുടരും’മിലെ ‘കൺമണിപ്പൂവേ..’ എന്ന ​ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

മോഹൻലാൽ ചിത്രം ‘തുടരും’മിലെ ‘കൺമണിപ്പൂവേ..’ എന്ന ​ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. പാട്ടിന്റെ ലിറിക് വെർഷൻ നേരത്തെ റിലീസ് ചെയ്തിരുന്നു ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഹരിനാരായണന്‍ ബി കെ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്. എം ജി ശ്രീകുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന് വേണ്ടി എംജി പാടി എന്ന പ്രത്യേകതയും ​ഗാനത്തിനുണ്ട്.

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ചിത്രത്തിലെ നായിക ശോഭന ആയിരുന്നു. നീണ്ട 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയും തുടരുമിനുണ്ട്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മാണം ചെയ്തിരിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഛായാ​ഗ്രഹണം ഷാജി കുമാര്‍. കോ ഡയറക്ടര്‍ ബിനു പപ്പു, എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്.

അതേസമയം, ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ഇതുവരെ 184 കോടി രൂപ കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. 85 കോടി കേരളത്തിൽ നിന്നും നേടിയിട്ടുണ്ട്. ഇന്നത്തോടെ എമ്പുരാന്റെ കേരള കളക്ഷൻ ‘തുടരും’ മറികടക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *