അവസാന ബന്ദിയെയും വിട്ടു കൊടുത്ത് ഹമാസ്

ഖാൻ യൂനിസ്(ഗാസ): പത്തൊൻപതു മാസമായി ഹമാസ് ബന്ദിയാക്കി വച്ചിരുന്ന അമെരിക്കൻ വംശജനായ ഇസ്രയേലി പൗരൻ ഏദൻ അലക്സാണ്ടർ ഹമാസിന്‍റെ തടവറയിൽ നിന്നു മോചിതനായി സ്വന്തം കുടുംബത്തോടു ചേർന്നു. ഇസ്രയേൽ സൈന്യത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പത്തൊൻപതു മാസം മുമ്പ് ഏദനെ ഹമാസ് പിടികൂടി ബന്ദിയാക്കിയത്. 2023 ഒക്റ്റോബർ ഏഴിനാണ് ഹമാസ് തീവ്രവാദികൾ ഏദനെ ഗാസ അതിർത്തിയിൽ നിന്നു പിടി കൂടിയത്.

വരും ദിവസങ്ങളിൽ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സൗദി അറേബ്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ സന്ദർശിക്കുന്നതിനു മുന്നോടിയായാണ് ഏദന്‍റെ മോചനം നടന്നതെന്നും സൂചനയുണ്ട്. ഹമാസ് മോചിപ്പിച്ച ഏദനെ ഇസ്രയേൽ സൈനിക കേന്ദ്രത്തിൽ എത്തിച്ചു. അവിടെ വച്ച് മാതാപിതാക്കളെ കാണാനും അവസരമൊരുക്കി.

ഏദന്‍റെ മോചനത്തിൽ ഇടപെട്ട അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കുടുംബാംഗങ്ങൾ നന്ദി പറഞ്ഞു. ഹമാസ് – ഇസ്രയേൽ വെടിനിർത്തൽ കരാർ അവസാനിച്ച ശേഷം ഹമാസ് മോചിപ്പിക്കുന്ന ആദ്യത്തെ ബന്ദിയാണ് ഏദൻ.

തിങ്കളാഴ്ച തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിൽ റെഡ്ക്രോസ് പ്രവർത്തകർക്കാണ് ഏദനെ ഹമാസ് കൈമാറിയത്. റെഡ് ക്രോസ് പ്രവർത്തകർ അദ്ദേഹത്തെ ഗാസയിലെ ഇസ്രയേൽ അധികാരികൾക്ക് കൈമാറുകയായിരുന്നു. ഹമാസിനെതിരായ സൈനിക സമ്മർദ്ദവും പ്രസിഡന്‍റ് ട്രംപ് ചെലുത്തിയ രാഷ്ട്രീയ സമ്മർദ്ദവുമാണ് ഏദന്‍റെ മോചനം സാധ്യമാക്കിയതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *