കാസര്‍കോട്: പെരിയയില്‍ നിര്‍മാണത്തിലിരിക്കുന്ന സര്‍വീസ് സ്റ്റേഷന്റെ വളപ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പെരിയ ജവഹര്‍ നവോദയ സ്‌കൂളിന് സമീപമുള്ള നിര്‍മാണത്തിലിരിക്കുന്ന സര്‍വീസ് സ്റ്റേഷന്റെ വളപ്പിലുള്ള ആഴമേറിയ കുഴിയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്തു നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ പോലീസിനെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. പോലീസ് എത്തി പരിശോധിച്ചപ്പോൾ ആണ് സര്‍വീസ് സ്‌റ്റേഷനുവേണ്ടി നിര്‍മിച്ച ആഴമേറിയ കുഴിയില്‍ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുഴിയില്‍നിന്ന് മൃതദേഹം പുറത്തെടുക്കാനായി അഗ്നിരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധനയ്ക്കായി വിരലടയാള, ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തുണ്ട്.
മരിച്ചയാളെ തിരിച്ചറിയാനായുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങിയട്ടുണ്ട് മറുനാടന്‍ തൊഴിലാളികള്‍ ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി ഇതിന്റെ സമീപം താമസിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ ഇവര്‍ക്കിടയില്‍ തര്‍ക്കം നടന്നിരുന്നതായിയാണ് വിവരം . ഇതുസംബന്ധിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അതേസമയം, മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവായി ചില വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്