കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നഗരസഭ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. ഫയര്‍ഫോഴ്‌സിന്റെയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളെല്ലാം ഉടന്‍ ചീഫ് സെക്രട്ടറിക്ക് കൈമാറുമെന്നും കളക്ടര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയുംഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും കോര്‍പ്പറേഷന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടില്‍ കുറച്ച് അവ്യക്തതയുണ്ടെന്നു അത് പരിശോധിക്കണമെന്ന് പറയുന്നു.സംശയനിവാരണം വരുത്തി രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ടുകളെല്ലാം കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.
കടകളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്,പഴയ കെട്ടിടങ്ങളുടെ സുരക്ഷ വിശദമായി പരിശോധിക്കും. കച്ചവടക്കാരുടെ ആശങ്കകളും വൈകാതെ പരിഹരിക്കാന്‍ സാധിക്കും എന്നാണ് വിശ്വസിക്കുന്നത് എന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം, ഈ കെട്ടിടത്തില്‍നിന്നും വീണ്ടും പുകഉയര്‍ന്ന സംഭവം വ്യാപാരികളിലും നാട്ടുകാരിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയും കെട്ടിടത്തില്‍നിന്നും പുക ഉയര്‍ന്നിരുന്നു.