സര്‍വകലാശാല ആസ്ഥാനത്തെത്തി റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍; സർവകലാശാലയിൽ വൻ പൊലീസ് സന്നാഹം

കേരള സര്‍വകലാശാലയില്‍ പോര് മുറുകുന്നതിനിടെ സര്‍വകലാശാല ആസ്ഥാനത്തെത്തി റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍.സര്‍വകലാശാലയിലെ തന്റെ മുറിയില്‍ പ്രവേശിച്ച റജിസ്ട്രാര്‍ നിയമം നിയമത്തിന്റെ വഴിയിൽ പോകുമെന്ന് പ്രതികരിച്ചു.

അതേസമയം റജിസ്ട്രാര്‍ സസ്‌പെന്‍ഷിലായതിനാൽ അനധികൃതമായി ആരും റജിസ്ട്രാറുടെ മുറിയില്‍ കടക്കുന്നത് അനുവദിക്കരുതെന്നു വിസി ഡോ. മോഹനനന്‍ കുന്നുമ്മല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിസിയുടെ നിര്‍ദേശം അനുസരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല.

റജിസ്ട്രാറുടെ ചുമതല ജോയിന്റ് റജിസ്ട്രാര്‍ ഡോ.മിനി കാപ്പന് വിസി കൈമാറിയിട്ടുണ്ട്. എന്നാൽ റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കറ്റ് റദ്ദാക്കിയെന്നും അതിനെ മറികടക്കാന്‍ വിസിക്ക് അധികാരമില്ലെന്നും സിന്‍ഡിക്കറ്റ് അംഗം ഷിജുഖാന്‍ പറഞ്ഞു.അതേസമയം വലിയ പൊലീസ് സംഘമാണ് സർവകലാശാല ആസ്ഥാനത്ത്. ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ഇന്നും വിസിക്കെതിരെ സര്‍വകലാശാലയിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *