സ്കൂൾ സമയമാറ്റത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സൗജന്യം കൊടുക്കാൻ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നതൊന്നും ശരിയായ ന്യായമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമയം മാറ്റണമെന്ന് ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്, അവരുടെ ആവശ്യത്തിന് വേണ്ടി അവർ സമയം ക്രമീകരിക്കുകയാണ് .മാത്രമല്ല സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് കുട്ടികളുടെ വിദ്യാഭ്യാസമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സ്കൂൾസമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്ന് സമസ്ത നേതാക്കൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ സമസ്ത പ്രക്ഷോഭത്തിനൊരുങ്ങുന്നതിനിടെയാണ് സ്കൂൾ സമയമാറ്റം ആലോചനയിൽ ഇല്ല എന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയത് .