കൊടി സുനിക്ക് ഇനി പരോളില്ലെന്ന് പി. ജയരാജൻ. കൊടി സുനി ഉൾപ്പെടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് വയ്ക്കാനും എസ്കോർട്ടിനു മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനം. മാഹി ഇരട്ടക്കൊലക്കേസിൽ വിചാരണ പൂർത്തിയാകാൻ ഉള്ളതിനാൽ കൊടി സുനി അടക്കമുള്ള പ്രതികളെ വീണ്ടും തലശ്ശേരി കോടതിയിൽ ഹാജരാക്കേണ്ടി വരും. ആ സാഹചര്യത്തിൽ സി പി ഒ മാർക്കു പകരം ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥരെ എസ്കോർട്ടിനു നിയോഗിക്കാനാണു പുതിയ തീരുമാനം.
സാധാരണ കോടതിയിൽ കൊണ്ടുപോകുമ്പോൾ കൈവിലങ്ങ് വെക്കാറില്ല.എന്നാൽ കൊടി സുനിക്കും സംഘത്തിനും ഇനി ആ ഇളവുണ്ടാകില്ല. കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയിലും അതിനിടയ്ക്കും കൂടുതൽ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിന് വെക്കും. അതേസമയം ചട്ടം ലംഘിച്ചുള്ള മദ്യപാനത്തിൽ പ്രതികൾക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്. എന്നാൽ കൊടി സുനിക്കും സംഘത്തിനും മദ്യപാനത്തിന് ആദ്യമായല്ല അവസരമൊരുക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. അതിനിടെ, കൊടി സുനിക്ക് ഇനി പരോൾ അനുവദിക്കില്ലെന്ന് ജയിൽ ഉപദേശക സമിതി അംഗം പി. ജയരാജൻ പറഞ്ഞു.