അല്‍ഷിമേഴ്സ് രോഗത്തെക്കുറിച്ച് കേട്ടിട്ടില്ലേ? സാധാരണയായി അറുപതു വയസിനു മുകളിൽ ഉള്ളവരിൽ ആണ് ഈ രോഗം ബാധിക്കാൻ സാധ്യത ഉള്ളതെങ്കിലും ചിലയാളുകളിൽ ഇത് നേരത്തെ തന്നെ കണ്ടു വരാറുണ്ട്.ഞെട്ടിക്കുന്ന മറ്റൊരു കണക്കു കൂടി പുറത്തു വന്നിട്ടുണ്ട്. 2050-ഓടുകൂടി അല്‍ഷിമേഴ്‌സ് രോഗ ബാധിതരുടെ എണ്ണം 10 കോടി കടക്കുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.
അതേസമയം ഒരിക്കല്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ നാഡീകോശങ്ങളുടെ പുനരുജ്ജീവനം ബുദ്ധിമുട്ടാണ്. ഓര്‍മ്മ നഷ്ടപ്പെടുക, വിവേചന ബുദ്ധി നഷ്ടപ്പെടുക, സ്വഭാവ-പെരുമാറ്റ വ്യതിയാനങ്ങള്‍ എന്നിവയാല്‍ സവിശേഷമായ, അല്‍ഷിമേഴ്സ് രോഗ പരിചരണത്തിന് ബഹുമുഖ വൈദ്യശാസ്ത്ര സമീപനം ആവശ്യമാണ്.
അല്‍ഷിമേഴ്സ് രോഗത്തിന്റെ ഘട്ടങ്ങള്‍
- പ്രീ-ക്ലിനിക്കല്‍ ഘട്ടം: പ്രവര്‍ത്തന വൈകല്യമോ ക്ലിനിക്കല്‍ ലക്ഷണങ്ങളോ ഇല്ലാതെ നേരിയ ഓര്‍മ്മക്കുറവും ആദ്യ പാത്തോളജിക്കല്‍ മാറ്റങ്ങളും ഈ ഘട്ടത്തില്‍ സംഭവിക്കുന്നു .
- പ്രാരംഭ ഘട്ടം: തുടക്കത്തില്‍ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങള്‍, ഓര്‍മ്മക്കുറവ്, ഏകാഗ്രതയില്ലായ്മ, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, വിഷാദം എന്നിവ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
- മദ്ധ്യമ ഘട്ടം: രോഗം തലച്ചോറിലെ കോര്‍ട്ടിക്കല്‍ ഭാഗങ്ങളെ കൂടുതല്‍ ബാധിക്കുന്നു, ഇത് ഗുരുതരമായ ഓര്‍മ്മ നഷ്ടം, പരിചിതരായ ആളുകളെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, മനോനിയന്ത്രണം നഷ്ടപ്പെടല്‍, വായന, എഴുത്ത്, സംസാരിക്കല്‍ എന്നിവയിലെ വെല്ലുവിളികള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
- കഠിനമായ അവസാന ഘട്ടം: ഇതില്‍ തലച്ചോറിലെ വിപുലമായ കോര്‍ട്ടിക്കല്‍ നാശം ഉള്‍പ്പെടുന്നു. ഗുരുതരമായ തലച്ചോര്‍ വൈകല്യത്താല്‍ രോഗികള്‍ കിടപ്പിലായേക്കാം, കുടുംബാംഗങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ, ആഹാരം കഴിക്കാനാകാതെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ഒടുവില്‍ മരണത്തിലേക്ക് നയിക്കുകയും ചെയ്യും.