പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ സൈബർ അധിക്ഷേപം സിപിഎം തന്ത്രമെന്ന് റോജി എം ജോൺ എംഎൽഎ. പെയ്ഡ് ഏജന്റുമാരെ വച്ചാണ് സിപിഎം നീക്കമെന്ന് വിമർശിച്ച റോജി എം ജോൺ പാർട്ടിയും മുന്നണിയും ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു റോജി എം ജോണിന്റെ പ്രതികരണം.സിപിഎമ്മിന്റെ അടുത്ത ഇലക്ഷൻ അജണ്ടകളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വച്ചു കൊണ്ടുള്ള നീക്കങ്ങൾ എന്ന് റോജി എം ജോൺ ഫേസ്ബുക്കിൽ കുറിച്ചു. എം വി നികേഷ് കുമാറിനെ പോലെയുള്ള പൈഡ് ഏജന്റുമാരെ ഇതിനായി ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിട്ടുണ്ട്. ഇവരുടെ നിയന്ത്രണത്തിൽ ഉള്ള ഗ്രൂപ്പുകളും ഐഡി കളും ആണ് ഭാവനയിൽ നിർമ്മിച്ച കഥകൾ കൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിപക്ഷ നേതാവിനെ ആക്രമിക്കുന്നതെന്നും റോജി എം ജോൺ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
സിപിഎമ്മിന്റെ അടുത്ത ഇലക്ഷൻ അജണ്ടകളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വച്ചു കൊണ്ടുള്ള നീക്കങ്ങൾ. എം വി നികേഷ് കുമാറിനെ പോലെയുള്ള പൈഡ് ഏജന്റുമാരെ ഇതിനായി ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിട്ടുണ്ട്.
ഇവരുടെ നിയന്ത്രണത്തിൽ ഉള്ള ഗ്രൂപ്പുകളും ഐഡി കളും ആണ് ഭാവനയിൽ നിർമ്മിച്ച കഥകൾ കൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിപക്ഷ നേതാവിനെ ആക്രമിക്കുന്നത്.
നികേഷ് കുമാറിന്റെയും അവരുടെ ഫീഡ് ലഭിക്കുന്നവരുടെയും വാക്കുകൾ കേട്ട് നിലപാടുകൾ തിരുത്തുന്ന ആളല്ല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം എടുക്കുന്ന നിലപാടുകൾ വ്യക്തമാണ് കൃത്യമാണ്.
ഇന്ത്യാ ടുഡേ നടത്തിയ മൂഡ് ഓഫ് ദി നേഷൻ സർവ്വേ ഉൾപ്പടെ കേരളത്തിൽ യു.ഡി.എഫ് ന്റെ അതുജ്ജ്യല മുന്നേറ്റം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള UDF നേതാക്കളെ തിരഞ്ഞു പിടിച്ച് സൈബർ ഇടങ്ങളിൽ അധിക്ഷേപിക്കുന്ന സിപിഎം തന്ത്രമെന്ന് രാഷ്ട്രീയം അറിയാവുന്നവർക്ക് മനസ്സിലാകും. അതുകൊണ്ട് 2026 ലെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് മുന്നേറുന്ന പാർട്ടിയെയും മുന്നണിയേയും ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം.