മദ്യത്തിന്റെ ദോഷകരമായ ഫലങ്ങൾ കുറയ്ക്കാനായി പലവിധ മാര്‍ഗങ്ങൾ പലരും നിര്‍ദേശിക്കാറുമുണ്ട്. തൈര് കുടിക്കുക, ഒരു നല്ല കുളി പാസാക്കുക, എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുക എന്നിങ്ങനെ നിരവധി നുറുങ്ങ് വിദ്യകള്‍ മദ്യത്തിന്റെ ഹാങ്ങോവര്‍ കുറയ്ക്കാനായി പരീക്ഷിച്ച് നോക്കാറുണ്ട്. അത്തരത്തില്‍ ഹാങ്ങോവര്‍ മാറ്റാനും മദ്യത്തിന്റെ ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് പാനീയങ്ങളാണ് ചായയും കാപ്പിയും. ഇതില്‍ തന്നെ കാപ്പി വ്യാപകമായി പലരും മദ്യപിച്ച ശേഷം ഉന്മാദാവസ്ഥ കുറയ്ക്കാനെന്ന പേരില്‍ കുടിക്കാറുണ്ട്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ അത്തരത്തില്‍ മികച്ച ഫലങ്ങളുണ്ടെന്ന ധാരണയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്നറിയാം.
മദ്യപിച്ച ശേഷം ചായയോ കാപ്പിയോ കുടിക്കുന്നത് ശരീരത്തില്‍ നിന്ന് മദ്യത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുന്നില്ല. കാപ്പിക്കോ ചായക്കോ അത്തരത്തിലുള്ള യാതൊരു പ്രത്യേകതകളുമില്ല. അതേ സമയം, പലപ്പോഴും കാപ്പി കുടിച്ച ശേഷം ഹാങ്ങോവര്‍ കുറഞ്ഞതായി പലരും പറയാറുണ്ട്. ഇത് മദ്യത്തിന്റെ ദോഷകരമായ ഫലങ്ങളെ കുറയ്ക്കുന്നതല്ല മറിച്ച് കാപ്പിയിലെ കഫൈന്‍ നല്കുന്ന ഊര്‍ജ്ജമാണ്. ഇത് നിങ്ങളുടെ ഉറക്കത്തെ കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ ശരീരത്തെയും തലച്ചോറിനെയും കുറച്ചൂകൂടി ഊര്‍ജ്ജിതമാക്കാന്‍ ഇതിന് കഴിയും. ഇത് മൂലമുണ്ടാവുന്ന ഉന്മാദാവസ്ഥയില് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നല്ലാതെ പാര്‍ശ്വഫലങ്ങളെ ഒന്നിനെയും കുറയ്ക്കുന്നില്ല. ചായയും സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വലിയ മാറ്റങ്ങളൊന്നും ഇതിനും നിങ്ങളുടെ അവസ്ഥയ്ക്ക് കൊണ്ടുവരുന്നില്ല.
