വര്‍ഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പൂജകള്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ അധികാരമുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍. ക്ഷേത്രത്തില്‍ നില നിന്നിരുന്ന നിരവധി ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും മുന്‍ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി അരുണ്‍കുമാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജിയിലാണ് ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ 10 (ജി) വകുപ്പ് പ്രകാരം ഭക്തര്‍ക്ക് ഏല്ലാ സൗകര്യവും ഒരുക്കേണ്ടത് ദേവസ്വത്തിന് നിയമപരമായ കടമയാണ്.ഇതിന്റെ ഭാഗമായാണ് തന്ത്രിയുടെ അനുവാദത്തോടെ ഏകാദശിയിലെ ഉദയാസ്തമയ പൂജ തുലാമാസത്തിലേക്ക് മാറ്റിയത് എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതില്‍ ആചാര ലംഘനം ഇല്ല. പൂജയില്ലാതെ വൃശ്ചിക ഏകാദശി പൂര്‍ത്തിയാകില്ലെന്ന വാദം തെറ്റാണ്. ഏകാദശി ദിവസം പ്രത്യേക പൂജ ഇല്ലെന്നും ഗുരുവായൂര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുപ്രീം കോടതിയെ അറിയിച്ചു.
വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ ഒഴിവാക്കാനാകാത്ത പൂജയല്ല. പൂജ ഇല്ലാതെ വൃശ്ചിക ഏകാദശി പൂര്‍ണ്ണമാക്കില്ലെന്ന വാദം അടിസ്ഥാന രഹിതം ക്ഷേത്രത്തില്‍ നില നിന്നിരുന്ന നിരവധി ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും വരുത്തിയ മാറ്റങ്ങളും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുമ്പ് വിവാഹങ്ങള്‍ ധ്വജസ്തംഭത്തിന് സമീപത്ത് ആയിരുന്നു നടത്തിയിരുന്നത്. എന്നാല്‍ വിവാഹങ്ങളുടെ എണ്ണം കൂടിയതോടെ ഇത് പിന്നീട് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റി. ചോറൂണും ധ്വജസ്തംഭത്തിന് സമീപത്ത് ആയിരുന്നു നടത്തിയിരുന്നത്. ഇതും പിന്നീട് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റിയെന്നും അഡ്മിനിസ്‌ട്രേറ്റര്‍ സുപ്രീം കോടതിയെ അറിയിച്ചു. പൂജകള്‍ ആചാരങ്ങള്‍ എന്നിവയില്‍ നിന്ന് വ്യതിചലനമോ, തടസ്സമോ ഉണ്ടായാല്‍ അത് ക്ഷേത്രത്തിന്റെ ദൈവീകമായ ചൈതന്യത്തെ ബാധിക്കുമെന്ന വാദം തെറ്റാണ് എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
