ഇന്ത്യയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാൻ സൗജന്യം! ഓപ്പൺഎഐ യുടെ വമ്പൻ പ്രഖ്യാപനം

ഇന്ത്യയില്‍ ഓപ്പൺഎഐ അവരുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ ഗോ പ്ലാൻ ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി. പരിമിതമായ കാലയളവിലേക്കുള്ള ഈ ഓഫര്‍ 2025 നവംബർ നാല് മുതൽ രാജ്യത്ത് ലഭിക്കും. ഇന്ത്യയടക്കമുള്ള വിപണികളെ ലക്ഷ്യമിട്ടുള്ള ചാറ്റ്‌ജിപിടിയുടെ മിഡ്-ടയര്‍ പ്ലാനാണ് മാസംതോറും 399 രൂപ ഈടാക്കിയിരുന്ന ‘ചാറ്റ്ജിപിടി ഗോ’ സബ്‌സ്‌ക്രിപ്ഷന്‍.

ഈ ചാറ്റ്‌ജിപിടി പ്ലാനാണ് ഇപ്പോള്‍ ഒരു വര്‍ഷക്കാലത്തേക്ക് ഇന്ത്യയിലുള്ളവര്‍ക്ക് ഓപ്പണ്‍എഐ സൗജന്യമാക്കിയിരിക്കുന്നത്. ഭാരതി എയര്‍ടെല്ലുമായി സഹകരിച്ച് സൗജന്യ എഐ സേവനം നല്‍കുന്ന പെര്‍പ്ലെക്‌സിറ്റിക്കും 19,500 രൂപ വിലയുള്ള എഐ പ്രോ മെമ്പര്‍ഷിപ്പ് വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കിയ ഗൂഗിളിനും നേരിട്ട് വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ചാറ്റ്ജിപിടി ഗോ പ്ലാൻ ഓപ്പണ്‍എഐ ഒരു വര്‍ഷക്കാലത്തേക്ക് ഇപ്പോള്‍ സൗജന്യമാക്കിയിരിക്കുന്നത്.

സൗജന്യ പ്ലാനിനും ചാറ്റ്‌ജിപിടി പ്ലസിനും മധ്യേയുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനായ ചാറ്റ്‌ജിപിടി ഗോ ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഓപ്പൺഎഐ അവതരിപ്പിച്ചത്. ചാറ്റ്‌ജിപിടി ഗോ പ്ലാനിന് പ്രതിമാസം 399 രൂപയായിരുന്നു ഓപ്പണ്‍എഐ ഈടാക്കിയിരുന്നത്. 1,999 രൂപ വിലവരുന്ന ചാറ്റ്‌ജിപിടി പ്ലസ് പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ താങ്ങാനാവുന്ന നിരക്കിലുള്ളതും വിദ്യാര്‍ഥികള്‍ അടക്കമുള്ള സാധാരണക്കാരെ ആകര്‍ഷിക്കുന്നതുമായിരുന്നു 399 രൂപയുടെ ചാറ്റ്ജിപിടി ഗോ പ്ലാൻ. ചാറ്റ്ജിപിടിയുടെ സൗജന്യ പ്ലാനില്‍ നിന്ന് വ്യത്യസ്‌തമായി കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനും ഫയലുകള്‍ അപ്‌ലോഡ് ചെയ്യാനും വിശകലനം ചെയ്യാനും സംഗ്രഹിക്കാനുമെല്ലാം ഗോ പ്ലാന്‍ വഴി ഉപയോക്താക്കള്‍ക്കാകുന്നു. സൗജന്യ പ്ലാനിലുണ്ടായിരുന്ന എല്ലാ ഫീച്ചറുകള്‍ക്കും പുറമെ ജിപിടി-5 ആക്‌സസ്, ഇമേജ് ജനറേഷന്‍ വിപുലീകരണം, ഫയല്‍ അപ്‌ലോഡിംഗിലെ വര്‍ധനവ്, കസ്റ്റം ജിപിടികളിലേക്കുള്ള ആക്‌സസ് തുടങ്ങി അനേകം സവിശേഷതകള്‍ ചാറ്റ്‌ജിപിടി ഗോയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *