പിഎം ശ്രീ പദ്ധതിയില്‍ കരാറിൽ നിന്നും പിന്മാറുന്നുവെന്ന നിലപാട് എടുത്ത സിപിഎം പക്ഷെ കത്തയക്കാൻ ഇതുവരെയും തയ്യാറായില്ല.ഇതോടെ സി പിഎം സിപിഐ യെ വഞ്ചിക്കുമോ എന്ന പ്രധാന ചോദ്യമാണ് ഉയർന്നു വരുന്നത്. എന്നാൽ അതിനിടെയാണ് എസ്എസ്‌കെ ഫണ്ടില്‍ കേരളത്തിനുള്ള ആദ്യ ഗഡു അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ ആദ്യ വാക്ക് പാലിച്ചിരിക്കുന്നത്.92.41 കോടി രൂപയാണ് പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കുക. ഫണ്ടിലൂടെ വിദ്യാഭ്യാസവകുപ്പിന് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത് എന്നത് യാഥാർഥ്യമാണ് .പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാത്തത് കാരണമായിരുന്നു സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന എസ്എസ്‌കെയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരുന്നത്. ഇക്കാരണം പറഞ്ഞുകൊണ്ടാണ് സിപിഐയുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് അതീവരഹസ്യമായി കരാറില്‍ ഒപ്പുവെച്ചത്. ഈ ഒപ്പു കാരണമാണ് തുക കിട്ടിയത്.എന്നാൽ ഇനി കേരളം ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നു നോക്കി കാണേണ്ടത് തന്നെയാണ്.
അതേസമയം കേരളത്തിന് കിട്ടേണ്ടിയിരുന്ന ഒക്യുറന്‍സ് ഫണ്ടിലെ ആദ്യഗഡുവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പദ്ധതി പ്രകാരമുള്ള രണ്ടും മൂന്നും ഗഡുക്കള്‍ കൂടി വൈകാതെ ലഭിക്കും. പിഎം ശ്രീയില്‍നിന്നും കേരളം ഔദ്യോഗികമായി പിന്മാറി എന്നത് സംബന്ധിച്ച് കേന്ദ്രത്തിന് രേഖാമൂലം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പണം കിട്ടുന്നത്. കേന്ദ്രത്തിന് കത്തയയ്ക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ സെക്രട്ടറി ഉടന്‍ കത്തയയ്ക്കും എന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നത്. ഇതിനിടെയാണ് പദ്ധതിയുടെ ആദ്യഗഡു സംസ്ഥാനത്തിന് ലഭിച്ചത്.അതിനിടെ പിഎം ശ്രീയില്‍ നിന്ന് പിന്മാറിക്കൊണ്ടുള്ള കത്ത് കേന്ദ്രത്തിന് സംസ്ഥാനം അയക്കുന്നത് ഉറപ്പാക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ നേതാക്കള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
