അർഹതയുണ്ടായിട്ടും പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട മത്സ്യത്തൊഴിലാളിക്ക് വള്ളവും വലയും സമ്മാനിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കാറളം പഞ്ചായത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളിയായ ഒന്നാം വാർഡ് ചെമ്മാപ്പിള്ളി വീട്ടിൽ കാഞ്ചന ശിവരാമന്‌ (67) പുതിയ വള്ളവും വലയും കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മാനിച്ചു. വഞ്ചിയും വലയും നൽകുന്ന പദ്ധതിയിൽ അർഹതയുണ്ടായിട്ടും കാഞ്ചനയെ ഒഴിവാക്കിയെന്ന പരാതിയെത്തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.

കേടായ വള്ളം ഉപയോഗിച്ച് വർഷങ്ങളായി മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കാഞ്ചനയെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ബുധനാഴ്ച രാവിലെ ചെമ്മണ്ട കൊടുന്തറ പാലത്തിന് സമീപം നടന്ന ചടങ്ങിൽ സുരേഷ് ഗോപി നേരിട്ട് എത്തി വള്ളവും വലയും കൈമാറി.

അമ്പതുവർഷത്തോളമായി പ്രദേശത്ത് മത്സ്യബന്ധനം നടത്തുന്ന കാഞ്ചന പറഞ്ഞു: “പഞ്ചായത്ത് നൽകിയ വള്ളത്തിൽ മറ്റുള്ളവർ മീൻപിടിക്കുന്നത് കാണുമ്പോൾ മനസ്സിൽ ദുഃഖം തോന്നിയിരുന്നു. ഇനി സ്വന്തം വള്ളമുണ്ടായതിൽ സന്തോഷമുണ്ട്.”

പഞ്ചായത്തിന്റെ വഞ്ചി-വല പദ്ധതി പ്രകാരം ആദ്യ ഗുണഭോക്താവായി കാഞ്ചനയുടെ പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഉപഭോക്തൃവിഹിതമായ ₹7,500 രൂപയും കാഞ്ചന അധികൃതർക്ക് നൽകിയിരുന്നു. എന്നാൽ ഉദ്ഘാടനത്തിന് രണ്ട് ദിവസം മുമ്പ് ആ തുക തിരികെ മകനെ ഏൽപ്പിക്കുകയും കാഞ്ചനയ്ക്ക് പദ്ധതിയിൽ നിന്ന് അർഹതയില്ലെന്ന് അറിയിക്കുകയും ചെയ്തു.

പഞ്ചായത്തിന്റെ വിശദീകരണമനുസരിച്ച് മത്സ്യബന്ധന ലൈസൻസ് ഇല്ലാത്തതിനാൽ കാഞ്ചനയെ അവസാന നിമിഷം പദ്ധതിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ രേഖകളിൽ കാഞ്ചനയെ മത്സ്യവില്പന രംഗത്ത് പ്രവർത്തിക്കുന്ന അനുബന്ധ തൊഴിലാളിയായി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഫിഷറീസ് വകുപ്പ് പദ്ധതിയിലൂടെയുള്ള വഞ്ചിയും വലയും നൽകാൻ സാധിച്ചില്ലെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *