പിഴയുടെ പേരിൽ ഓട്ടം നിർത്തി അന്തർസംസ്ഥാന ബസ്സുകൾ

അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യബസുകൾക്ക് കേന്ദ്രസർക്കാർ പ്രത്യേക പെർമിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷൻ. ബസുകൾക്ക് കേരളം വൻതുക പിഴചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് കേരളത്തിലേക്കുള്ള ബസ്സോട്ടം വെള്ളിയാഴ്ച രാത്രിമുതൽ നിർത്തിവെച്ച പശ്ചാത്തലത്തിലാണ് സംഘടന രം​ഗത്തെത്തിയത്.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്താണ് സ്വകാര്യബസുകൾ ഇപ്പോൾ സർവീസ് നടത്തുന്നത്. ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾ സംസ്ഥാനാതിർത്തി കടക്കുമ്പോൾ അതത് സംസ്ഥാനത്തെ നികുതിയും അടയ്ക്കണമെന്നാണ് ചട്ടം.
അതു ലംഘിച്ചതിന് കേരള ഗതാഗതവകുപ്പ് പിഴ ഈടാക്കിയതിനെത്തുടർന്നാണ് കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തുന്നതായി തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചത്.

ഓരോ സംസ്ഥാനത്തിനും നികുതി അടയ്ക്കുന്നത് ഒഴിവാക്കുന്നതിന് ഓംനി ബസുകൾക്ക് കേന്ദ്രം പ്രത്യേക പെർമിറ്റ് അനുവദിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് എ. അൻപഴകൻ ആവശ്യപ്പെട്ടു.പ്രശ്‌നപരിഹാരത്തിന് കേരള ഗതാഗത വകുപ്പുമായി ചർച്ച നടത്താൻ തമിഴ്നാട് സർക്കാർ ഇടപെടണമെന്ന് അസോസിയേഷൻ അവശ്യപ്പെട്ടിരുന്നു. തമിഴ്നാട് സർക്കാർ ഇതുവരെ വിഷയത്തിൽ ഇടപെട്ടിട്ടില്ല.നികുതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കേരളം വ്യക്തമാക്കിയ സാഹചര്യത്തിൽ സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് ബസുടമകൾ പറയുന്നത്. ശബരിമല തീർഥാടകർ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ബസ് സമരംകാരണം വലഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *