മഞ്ഞുകാലം ഇങ്ങ് അടുത്തെത്തിയിരിക്കുകയാണ്. ഇനി ചർമ്മത്തിന് നമ്മൾ പല പ്രശ്നങ്ങളും നേരിടേണ്ടി വരും. ചർമ്മം വരണ്ട് പോവുകയും ചുണ്ട് വരണ്ട് പൊട്ടുകയുമൊക്കെയുണ്ടാകും. ചർമ്മത്തിന് അതീവ ശ്രദ്ധ ആവശ്യമുളള സമയമാണ് തണുപ്പ് കാലം. പക്ഷേ പേടിക്കേണ്ട. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ ഡിസംബറിലും ചർമ്മം തിളക്കത്തോടെയിരിക്കും.തണുപ്പുകാലത്ത് എണ്ണമയമുള്ള ചർമ്മം വരണ്ട് വിള്ളലുകളുണ്ടായി ബുദ്ധിമുട്ടിക്കാറുണ്ട്. ഇത് പരിഹരിക്കാൻ നേരിയ മോയ്സ്ചറൈസറുകൾ ഉപയോഗിക്കാം.ഇത് വെള്ളത്തിൽ നേർപ്പിച്ച് പുരട്ടുന്നത് എളുപ്പമാക്കും.
റോസ് വാട്ടർ, ഗ്ലിസറിൻ, തേൻ, കറ്റാർവാഴ തുടങ്ങിയ പ്രകൃതിദത്ത ചേരുവകളും ചർമ്മത്തിന് ഈർപ്പം നൽകാനും മൃദുവാക്കാനും ഉത്തമമാണ്.ഈർപ്പം നിലനിർത്തിക്കൊണ്ട് ചർമ്മത്തിൽ എണ്ണമയം കൂടാതെ സംരക്ഷിക്കാൻ ഇവ സഹായിക്കുന്നു. ശൈത്യകാലത്ത്, എണ്ണമയമുള്ള ചർമ്മത്തിന് വരൾച്ച അനുഭവപ്പെടാറുണ്ട്. മുഖം കഴുകിയാലുടൻ ചർമ്മത്തിൽ വലിഞ്ഞുമുറുകിയതും അസ്വസ്ഥജനകവുമായ ഒരു തോന്നൽ ഉണ്ടാകാം. ചർമ്മത്തിന്റെ ചില ഭാഗങ്ങളിൽ ചെറിയ വെളുത്ത അടരുകളും കണ്ടുവരാറുണ്ട്.എണ്ണയുടെയും വെള്ളത്തിന്റെയും ഒരു മിശ്രിതമായാണ് ചർമ്മം ഈർപ്പം ആഗിരണം ചെയ്യുന്നത്. ഇതിന് ഒറ്റയ്ക്ക് വെള്ളമോ എണ്ണയോ ആഗിരണം ചെയ്യാൻ കഴിയില്ല. അതിനാൽ, ഈ പ്രശ്നം പരിഹരിക്കാനുള്ള ഏക മാർഗ്ഗം ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും മൃദുവായി നിലനിർത്തുകയും ചെയ്യുക എന്നതാണ്.
ശൈത്യകാലത്ത് ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാമെന്ന് പ്രശസ്ത സൗന്ദര്യ വിദഗ്ദ്ധ ഷെഹ്നാസ് ഹുസൈൻ വിശദീകരിക്കുന്നു.വരണ്ട ശൈത്യകാലത്ത് എണ്ണമയമുള്ള ചർമ്മത്തിൽ നേരിയ മോയ്സ്ചറൈസിംഗ് ലോഷൻ ഉപയോഗിക്കാം. ഇത് പുരട്ടുന്നതിന് മുൻപ് ഒന്നോ രണ്ടോ തുള്ളി വെള്ളം ചേർക്കുന്നത് കനം കുറഞ്ഞ കവറേജ് നൽകും. എണ്ണമയമുള്ള ചർമ്മത്തിന് സൺസ്ക്രീൻ ജെൽ ഉപയോഗിക്കാനും ഷെഹ്നാസ് ഹുസൈൻ നിർദ്ദേശിക്കുന്നു.മോയ്സ്ചറൈസർ പുരട്ടുന്നതിന് മുൻപ് മുഖം വൃത്തിയാക്കുക. വിരൽത്തുമ്പുകൾ ഉപയോഗിച്ച് മോയ്സ്ചറൈസർ മൃദുവായി തേച്ചുപിടിപ്പിക്കുക. അധികമുള്ളവ ടിഷ്യു പേപ്പറോ നനഞ്ഞ പഞ്ഞിയോ ഉപയോഗിച്ച് ഒപ്പിയെടുക്കാം. ചർമ്മം നനഞ്ഞിരിക്കുമ്പോൾ തന്നെ, മുഖം കഴുകിയാലുടൻ അല്ലെങ്കിൽ കുളിച്ചാലുടൻ മോയ്സ്ചറൈസർ പുരട്ടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.
