പുണ്യ പുരാണമായ മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിച്ചത്. ഇതോടെ, വ്രതാനുഷ്ഠാനത്തിൻ്റെ പവിത്രമായ ദിനങ്ങൾക്ക് തുടക്കമായി.നട തുറന്ന ശേഷം, മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽനിന്നുള്ള ദീപംകൊണ്ട് ഭക്തർക്ക് മുന്നിൽ ആഴി ജ്വലിപ്പിച്ചു. തുടർന്ന്, ഇരുമുടിക്കെട്ടേന്തി കാത്തുനിന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.ഭക്തിനിർഭരമായ ചടങ്ങുകളോടെ വൈകിട്ട് 6.30 ഓടെ സോപാനത്ത് വെച്ച് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്ത് അവരോധിച്ചു. മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും ഇന്നു നടന്നു. ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കുകയില്ല.
മണ്ഡല-മകരവിളക്ക് തീർത്ഥാടനം; ശബരിമല നട തുറന്നു
