തൊണ്ടി മുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജു ശിക്ഷിക്കപ്പെട്ടതോടെ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ വാശിയേറിയ തിരെഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. സംസ്ഥാനത്ത് ഉടനീമുണ്ടായ തദ്ദേശ തിരെഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ മണ്ഡലം അട്ടിമറി വിജയത്തിലൂടെ സ്വന്തമാക്കാനാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. കഴിഞ്ഞ മൂന്ന് ടേമായി മണ്ഡലത്തിൽ മത്സരിക്കുന്ന വിഎസ് ശിവകുമാറിനെ മാറ്റി നിർത്തി യുവ നേതാക്കൾക്ക് സീറ്റ് നൽകണമെന്ന ആവശ്യമാണ് ഹൈക്കമാന്റിന് മുന്നിൽ ശക്തമാവുന്നത്. ഈ സാഹചര്യത്തിൽ, മണ്ഡലം തിരിച്ചുപിടിക്കാൻ തിരുവനന്തപുരത്ത് നിന്ന് ദേശീയ രാഷ്ട്രീയത്തിന്റെ പടവുകൾ കയറിയ യുവ നേതാവ് എറിക്ക് സ്റ്റീഫന്റെ പേരാണ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നത്. ഹൈക്കമാന്റ് നടത്തിയ ആഭ്യന്തര സർവ്വേ റിപ്പോർട്ടിൽ മറ്റ് നേതാക്കളെ അപേക്ഷിച്ച് വളരെ മുൻപന്തിയിലുള്ള പേരാണ് എറിക്കിന്റേത് എന്നതും ശ്രദ്ധേയമാണ്. 35 ശതമാനത്തിലധികം ഉറച്ച കോൺഗ്രസ് വോട്ടുകൾ ഉള്ള മണ്ഡലമാണ് തിരുവനന്തപുരം സെൻട്രൽ. വിദ്യാഭ്യാസവും കഴിവും ഉള്ള നേതാക്കളെ എന്നും പിന്തുണയ്ക്കുന്ന മണ്ഡലത്തിൽ എറിക്ക് സ്റ്റീഫന് മികച്ച ഭൂരിപക്ഷം നേടാൻ സാധിക്കുമെന്നാണ് കെപിസിസിയും വിലയിരുത്തുന്നത്. എൻ.എസ്.യുവിന്റെ ദേശീയ സെക്രട്ടറി എന്ന നിലയിലുള്ള കഴിവുറ്റ പ്രകടനമാണ് എറിക്കിന്റെ പേരിലേക്ക് ഹൈക്കമാന്റ് ചർച്ചകൾ നടക്കുന്നതെന്നാണ് വിവരം.

ഒരു സാധാരണ കോൺഗ്രസ് ബൂത്ത് പ്രസിഡന്റായി രാഷ്ട്രീയ ജീവിതം തുടങ്ങിയ എറിക്, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പിലൂടെ പോരാടി ജയിച്ചാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നിന്ന് എൻ.എസ്.യുവിന്റെ ദേശീയ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യത്തെ നേതാവ് എന്ന ചരിത്രനേട്ടവും എറിക്കിന് സ്വന്തം. കേരളത്തിന് പുറത്ത് ഗോവ, കർണാടക, ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ചുമതല വഹിച്ചുള്ള എറിക്ക് സ്റ്റീഫന്റെ സംഘടനാ പരിചയം ദേശീയ നേതൃത്വത്തിനും സുപരിചിതമാണ്. കർണ്ണാടകയിലും ഗോവയിലും നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടുള്ള എറിക്ക് സ്റ്റീഫൻ തനിക്ക് ചുമതല ഉണ്ടായിരുന്ന സംസ്ഥാനങ്ങളിലെ എൻ.എസ്.യു വിന് വൻ മുന്നേറ്റം ഉണ്ടാക്കിയെടുത്തുവെന്നാണ് ദേശീയ മാധ്യമങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. ഇത് തന്നെയാണ് ഹൈക്കമാന്റിന് എറിക്ക് സ്റ്റീഫനുമേൽ ഇത്രയേറെ പ്രീയമേറുന്നതെന്നാണ് റിപ്പോർട്ട്. കേവലം രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കപ്പുറം ബിടെക്കും എൽഎൽബിയും കടന്ന്, ആധുനിക കാലഘട്ടത്തിലെ നിർണ്ണായകമായ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ എൽഎൽഎം’ (LLM in AI) നേടിയ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത നിയമസഭയിൽ ക്രിയാത്മകമായ സംവാദങ്ങൾ നടത്താൻ എറിക്ക് സ്റ്റീഫനെ പ്രാപ്തനാക്കുമെന്നതിൽ ഹൈക്കമാന്റിനും സംശയമില്ല.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ആവേശം ഉൾക്കൊണ്ട് പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെ 66 കിലോമീറ്റർ നീളത്തിൽ എറിക്ക് സ്റ്റീഫൻ നടത്തിയ തീര സംരക്ഷണ പദയാത്ര തീരദേശ ജനതയുടെ ഇടയിൽ വലിയ സ്വാധീനമുണ്ടാക്കിയിരുന്നു. ആഴക്കടൽ കരിമണൽ ഖനനത്തിനെതിരായി നടന്ന ഈ പദയാത്രയ്ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ബിഷപ്പ്, പാളയം ഇമാം, ശിവഗിരി മഠത്തിലെ സ്വാമി തുടങ്ങിയ ആത്മീയ നേതാക്കൾ രക്ഷകർത്താക്കളായി എത്തിയത് എറിക് സ്റ്റീഫന്റെ മതേതര സ്വീകാര്യതയ്ക്ക് തെളിവായി. നിലവിൽ ലത്തീൻ സഭയുടെ ശക്തമായ പിന്തുണയും യുവനേതാക്കളുടെ താല്പര്യവും എറിക്കിന് അനുകൂലമാണ്. മണ്ഡലത്തിലെ നിർണ്ണായകമായ തീരദേശ വോട്ടുകൾ ഏകോപിപ്പിക്കാനും ആന്റണി രാജു നേരിടുന്ന നിയമപ്രതിസന്ധിയെ രാഷ്ട്രീയമായി നേരിടാനും യുവത്വവും അറിവും സംഘടനാ കരുത്തുമുള്ള എറിക് സ്റ്റീഫനെപ്പോലൊരു സ്ഥാനാർത്ഥിക്ക് കഴിയുമെന്ന് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. സി.എം.പി നേതാവ് സി.പി. ജോണിനായി സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, മണ്ഡലം തിരിച്ചുപിടിക്കാൻ എറിക്കിനെപ്പോലൊരു ജനകീയ മുഖം വേണമെന്ന ആവശ്യം പ്രവർത്തകർക്കിടയിൽ ശക്തമാണ്. ചുരുക്കത്തിൽ, വെറുമൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിനപ്പുറം തിരുവനന്തപുരം സെൻട്രലിന്റെ അതിജീവനത്തിനായുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ലത്തീൻ സഭയുടെ പിന്തുണയും, ഉന്നത വിദ്യാഭ്യാസത്തിന്റെ കരുത്തും, താഴെത്തട്ടിലുള്ള സംഘടനാ പരിചയവും ഹൈക്കമാന്റിന്റെ അനുഗ്രഹവും എറിക് സ്റ്റീഫനെ മണ്ഡലത്തിലെ ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയായി മാറ്റുന്നു. ചുരുക്കത്തിൽ, തിരുവനന്തപുരം സെൻട്രലിൽ ഒരു ഭരണമാറ്റത്തിന് എറിക് സ്റ്റീഫന്റെ സ്ഥാനാർത്ഥിത്വം കരുത്തുറ്റ ഇന്ധനമാകുമെന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും തർക്കമില്ല.
