എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തൻ്റെ ഭാഗത്തുനിന്ന് സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു എന്നു നടൻ ഷൈൻ ടോം ചാക്കോ.എഗ്വിൻ ജോസ് സംവിധാനം ചെയ്യുന്ന സൂത്രവാക്യം എന്ന സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു ഷൈനിന്റെ പ്രതികരണം.അതേസമയം ഷൈൻ ടോം ചാക്കോയുമായി യാതൊരുവിധത്തിലുള്ള പ്രശ്‌നങ്ങളും തനിക്കിപ്പോൾ ഇല്ലെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞു. സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറി എന്നും ലൊക്കേഷനിൽ അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും വിൻസി നേരത്തേ ആരോപിച്ചിരുന്നു. ആരോപണങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് സിനിമ സംഘടനകൾക്കുള്ളിൽ നടി പരാതിയും നൽകിയിരുന്നു.എന്നാൽ ഈ സംഭവവികാസങ്ങൾക്ക് ശേഷം ഇരുവരും ആദ്യമായിട്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഒന്നിച്ച് എത്തുന്നത്.
നടൻ ഷൈൻ ടോം ചാക്കോ സ്വന്തം നാട്ടുകാരൻ ആണ്. ഒരേ ഇടവകക്കാർ. അതുകൊണ്ടുതന്നെ വളരെ ബഹുമാനപൂർവമാണ് അദ്ദേഹത്തെ നോക്കി കണ്ടിരുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്താണ് അദ്ദേഹവുമായി ആദ്യമായി നേരിട്ട് സംസാരിക്കുന്നത്. സിനിമയിൽ അഭിനയിക്കണമെന്ന തൻ്റെ ആഗ്രഹം അദ്ദേഹത്തോട് തുറന്നു പറയുകയും ചെയ്തിരുന്നു. ഷൈൻ ടോം ചാക്കോ എന്ന നടൻ്റെ പിന്നീടുള്ള വളർച്ച എൻ്റെ കരിയറിലും ഒരുപാട് ഇൻഫ്ലുവൻസ് ചെയ്തിരുന്നു. അദ്ദേഹത്തോടൊപ്പം ആദ്യമായി വർക്ക് ചെയ്ത സിനിമയാണ് സൂത്രവാക്യം. ഒരു ആർട്ടിസ്റ്റ് എന്നുള്ള രീതിയിൽ ലൊക്കേഷനിൽ അദ്ദേഹം ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല. മികച്ച അഭിനേതാവാണെന്ന് പലപ്രാവശ്യം തെളിയിക്കുകയും ചെയ്തു. വ്യക്തിപരമായി ഷൈൻ ടോം ചാക്കോയെ എനിക്കറിയില്ല. ലൊക്കേഷനിൽ ഒരു പ്രത്യേക സാഹചര്യത്തിൽ സംഭവിച്ച അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നുള്ള സമീപനം എനിക്കിഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് പ്രതികരിച്ചത് എന്ന് വിൻസി പറഞ്ഞു. എന്നാൽ മനഃപൂർവമല്ല അങ്ങനെയൊരു തെറ്റ് സംഭവിച്ചതെന്ന് ഷൈൻ പ്രതികരിച്ചു. അങ്ങനെ വിശ്വസിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഷൈനിന് വിന്‍സി മറുപടിയും നല്‍കി.എല്ലാവരെയും എൻ്റർടൈൻ ചെയ്യിക്കാന്‍, എന്തെങ്കിലുമൊക്കെ തമാശകൾ ഒപ്പിക്കുകയും പറയുകയുമാണ് ചെയ്യുന്നത്. അവരതൊക്കെ ഏത് രീതിയിലാണ് എടുക്കുന്നത് എന്ന് തിരിച്ചറിയാൻ സാധിച്ചില്ല. അങ്ങനെയൊരു തെറ്റാണ് വിൻസിയുടെ കാര്യത്തിൽ സംഭവിച്ചതെന്ന് ഷൈൻ വ്യക്തമാക്കി. വേദനിപ്പിച്ചതിൽ മാപ്പ് ചോദിക്കുന്നു എന്നും ഷൈൻ പറഞ്ഞു. ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ നടി വിന്‍സി പറഞ്ഞത്.