എഐ എഫക്ട് , 2025ല്‍ ജോലി പോയത് ഒരു ലക്ഷത്തിലേറെ പേര്‍ക്ക്; ഞെട്ടിക്കുന്ന കണക്കുകൾ

എഐ യുടെ എഫക്ടിൽ ജോലിപോയവരുടെ കണക്കുകൾ ഞെട്ടിക്കുന്നതെന്നു റിപ്പോർട്ടുകൾ.. എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടെക്/
ഐടി മേഖലയില്‍ വലിയ കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് വഴിതുറന്നിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്ന എഐ വിപ്ലവം അതേ സിലിക്കണ്‍വാലിയില്‍ തന്നെ അനേകായിരം തൊഴിലാളികളുടെ കണ്ണുനീരും വീഴ്ത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ ടെക് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) 12,000 തൊഴിലാളികളെ പിരിച്ചുവിടുന്നതായുള്ള പ്രഖ്യാപനം കഴിഞ്ഞ മാസം ഞെട്ടിച്ചു. ആഗോളതലത്തില്‍ 2025ല്‍ ഇതിനകം ഒരു ലക്ഷത്തിലധികം ടെക്കികള്‍ക്ക് ജോലി പോയി. മൈക്രോസോഫ്റ്റോ ആമസോണോ മെറ്റയോ പോലെയുള്ള പ്രധാന ടെക് കമ്പനികളില്‍ നിന്നുള്ള ലേഓഫുകളുടെ മാത്രം കണക്കാണിത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഗവേഷണം ടെക് രംഗത്തെ ഏറ്റവും പ്രതിഫലമേറിയ ജോലിയായി മാറിയിരിക്കുന്നു. ആഗോള ടെക് ഭീമന്‍മാരായ ഗൂഗിളും മെറ്റയും മൈക്രോസോഫ്റ്റും ആപ്പിളുമെല്ലാം എഐ മേഖലയില്‍ ശതകോടികള്‍ നിക്ഷേപിക്കുന്നു. എഐ സെന്‍സേഷനുകളെ നൂറുകണക്കിന് കോടിരൂപ പ്രതിഫലം വാഗ്‌ദാനം നല്‍കി സ്വന്തമാക്കാന്‍ മത്സരിക്കുകയാണ് മെറ്റയും ആപ്പിളുമെല്ലാം. അതേസമയം, എഐ സ്റ്റാര്‍ട്ടപ്പുകളും ലോകത്ത് വലിയ ശ്രദ്ധനേടുന്നു. ലോകത്തിന്ന് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ പലരും എഐ അധിഷ്‌ഠിതമാണ് എന്നത് ശ്രദ്ധേയമാണ്.

ഇതിനെല്ലാം ഇടയില്‍ എഐ വലിയ തൊഴില്‍ ആശങ്ക ലോകത്ത് പരത്തുകയാണ്. സമീപ കാലങ്ങളില്‍ ടെക് ലോകത്ത് ഏറ്റവും കൂടുതല്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നടന്ന വര്‍ഷമാണ് 2025. ഈ വര്‍ഷം ജൂലൈ മാസത്തില്‍ മാത്രം 62,075 പേര്‍ക്ക് അമേരിക്കയില്‍ ജോലി നഷ്‌ടമായി എന്നാണ് ചലഞ്ചര്‍, ഗ്രേ ആന്‍ഡ് ക്രിസ്‌‌മസിന്‍റെ റിപ്പോര്‍ട്ട്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ ജോലി നഷ്‌ടമായവരുടെ എണ്ണത്തില്‍ 29 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി. അതേസമയം 2024 ജൂലൈയെ അപേക്ഷിച്ച് 140 ശതമാനം തൊഴില്‍ നഷ്‌ടമാണ് 2025 ജൂലൈയില്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നത് അപകടത്തിന്‍റെ തീവ്രത കൂടുതല്‍ വ്യക്തമാക്കുന്നു.

എഐ ഗവേഷണം ഒരുവശത്ത് തകൃതിയായി നടക്കുമ്പോള്‍ മറുവശത്ത് എഐ ടൂളുകള്‍ മനുഷ്യനെ റീപ്ലേസ് ചെയ്‌ത് കമ്പനികള്‍ക്ക് വലിയ സമയലാഭവും കോസ്റ്റ്-കട്ടിംഗും നല്‍കുന്നുമുണ്ട്. മിഡ്-ലെവല്‍ മാനേജര്‍മാര്‍ക്കാണ് മിക്ക ഐടി കമ്പനികളിലും ഈ വര്‍ഷം ജോലി പോയത്. മിഡ്-ലെവല്‍ മാനേജര്‍മാരെ എഐ ടൂളുകള്‍ റീപ്ലേസ് ചെയ്തു എന്ന് ചുരുക്കം. ഉദാഹരണത്തിന്, എച്ച്ആര്‍ ജോലികള്‍ പോലുള്ളവ അനായാസം എഐ അധിഷ്‌ഠിത സോഫ്റ്റ്‌വെയറുകളും ടൂളുകളും ചെയ്‌തുതുടങ്ങിയിരിക്കുന്നു. എച്ച്ആര്‍ വിഭാഗത്തില്‍ 50 ജീവനക്കാരുണ്ടായിരുന്ന ഒരു കമ്പനിയെ സങ്കല്‍പിക്കുക. അവര്‍ക്കിന്ന് മേല്‍നോട്ടത്തിന് വിരലില്‍ എണ്ണവുന്ന മനുഷ്യവിഭവശേഷിയും, ഹ്യൂമണ്‍ റിസേഴ്സ് സംബന്ധിയായ എല്ലാ ജോലികളും സുഗമമായി ചെയ്യാന്‍ എഐ ടൂളുകളും മാത്രം മതി.

Leave a Reply

Your email address will not be published. Required fields are marked *